തിരുവനനന്തപുരം:സീറോ മലബാർ സഭയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെട്ട വെളിപ്പെടുത്തൽ നടത്തിയ ഫാ.പോൾ തേലക്കാടിനെ സഭ തള്ളി . വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിനു തെളിവില്ലെന്ന മുതിര്‍ന്ന വൈദികന്‍ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിലപാടു വസ്തുതാവിരുദ്ധമെന്നു സിറോ മലബാര്‍ സഭ പ്രസ്ഥാവനയിൽ പറഞ്ഞു . തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിനു ചരിത്രരേഖകള്‍ തെളിവുണ്ടെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്നാണ്. ഇതിനോടു വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.
തോമാശ്ലീഹാ ബ്രാഹ്മണരെയാണ് മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിയതെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു.ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹാ ക്രിസ്ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത നേരത്തെ വ്യക്തമാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചയിലാണ് ഇത്തരത്തിലുള്ള അഭിപ്രയപ്രകടനവുമായി ഫാ. തേലക്കാട്ട് രംഗത്തെത്തിയത്.
തോമാശ്ലീഹ കേരളത്തിൽ വന്നില്ല എന്ന വെളിപ്പെടുത്തൽ സീറോ മലബാർ സഭയിൽ ദൂരവ്യാപകമായ പ്രത്യാഹാതം ഉളവാക്കും എന്ന തിരിച്ചറി സഭയെ ആകുലപ്പെടുത്തുന്നുണ്ട് .സഭയുടെ നിലനിൽപ്പുംതോമാശ്ലീഹയുടെ വരവിലും മറ്റും കെട്ടിപ്പൊക്കിയതാണ് .മലയാറ്റൂർ പള്ളിയും മൈലാപ്പൂരും പണം കായ്ക്കുന്ന സഭയുടെ പള്ളികളാണ് .
ഫാ പോള്‍ തേലക്കട്ട് പറഞ്ഞ പ്രസക്ത ഭാഗങ്ങൾ
തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ലഎന്നും ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ് എന്നും ഫാ തേലക്കാട്ട് വെളിപ്പെടുത്തിയിരുന്നു .അവ സീറോമലബാർ സഭയുടെ അസ്ഥിവാരം ഇളക്കുന്ന പ്രസ്ഥാവനയായിരുന്നു . അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയാറിയില്ല. അക്കാലത്ത് ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ടില്ല എന്നതാണ് യഥാര്‍ഥ ചരിത്രം.തന്നെയുമല്ല, അന്നത്തെ ക്രിസ്റ്റിയാനിറ്റിയില്‍ ജാതിവേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അതിന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമല്ലേ. ലോകത്തിലെ ഏറ്റവും മാനവികമായ കാഴ്ചപ്പാടുള്ള രണ്ടു ബോധധാരകളാണ് മാര്‍ക്‌സിസവും ക്രിസ്റ്റിയാനിറ്റിയും. ഇവ രണ്ടിലേക്കും സവര്‍ണ ജാതിബോധം കടന്നു വന്നതോടെയാണു രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും തങ്ങളുടെ പേരിന്റെയൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതിബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല. എന്തിന് ക്രൈസ്തവ സഭകളില്‍ മെത്രാനെ തെരഞ്ഞെടുക്കുമ്പോഴും കന്യാസ്ത്രീകളെ തെരഞ്ഞെടുക്കുമ്പോഴുമൊക്കെ ജാതി ഒരു നിര്‍ണായക ഘടകമായി കടന്നു വരുന്നുണ്ട്. തുറന്നു പറച്ചിലുമായി ഫാ പോള്‍ തേലക്കട്ട് വിവാദത്തിലേക്ക് കടന്നിരിക്കയാണ് .
മലയാളികളെയാകെ ഒരുതരം നിരര്‍ഥകമായ സവര്‍ണ സ്വത്വബോധം നയിക്കുന്നുണ്ട്. ഊതിപ്പെരുപ്പിച്ച കുടുംബ മഹിമകളും ജാതിചരിത്രങ്ങളും സൃഷ്ടിച്ച് സ്വയം മഹത്വം കല്‍പ്പിക്കുന്നവരുടെ സമൂഹമായി മാറിയിരിക്കുന്നു മലയാളികള്‍. ഇത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി ഗ്രസിച്ചിരിക്കുന്ന കാര്യമല്ല. നമ്മുടെ അഭിസംബോധനകളില്‍ പോലും വ്യാജമായ ദുരഭിമാന അടയാളങ്ങള്‍ പ്രകടമാണ്. അരമന എന്നാല്‍ പാതി മന എന്നാണ്. അതേപോലെ തിരുമേനി എന്നാല്‍ പവിത്രമായ മേനി എന്നാണ്. ഈ പ്രയോഗങ്ങളെല്ലാം തന്നെ സവര്‍ണ ജാതിബോധത്തില്‍നിന്ന് ഉല്‍ഭവിച്ചിട്ടുള്ളതാണെന്നതില്‍ സംശയമില്ല. എന്നു മുതലാണ് ക്രിസ്ത്യന്‍ മതത്തില്‍ അത്തരം അഭിസംബോധനകള്‍ കടന്നു വന്നതെന്നു ചിന്തിക്കേണ്ടതുണ്ട്.യേശുക്രിസ്തു ജീവിച്ച പോലെ ജീവിക്കുന്നത് സഭയ്ക്ക് കൈമോശം വന്നിട്ടുണ്ട് എന്ന് മംഗളം ദിനപത്രത്തിലെ ഈ വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഫാ. പോള്‍ തേലക്കാട്ട്
തോമാശ്ലീഹ വന്നു മാമോദീസ മുക്കിയ ബ്രാഹ്മണരാണെന്ന ചിലരുടെ അവകാശവാദം ജാതി വ്യവസ്ഥയെ അനുകൂലിക്കലല്ലേ?
തോമ ശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരെന്ന് ചിലര്‍ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. തോമാ ശ്ലീഹ വന്നുവെന്ന് പറയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. ആ സമയത്ത് ഇവിടെ ബ്രാഹ്മണരില്ല. ഇവിടെ ബ്രാഹ്മണര്‍ എത്തിയത് ഏഴാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ചരിത്രം വിശദമാക്കുന്നത്. അപ്പോ എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ തോമാശ്ലീഹാ ഏഴാം നൂറ്റാണ്ടിലെ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുക?
എന്നിട്ടുമെന്താണ് സഭ ഈ കാര്യത്തില്‍ നിലപാട് എടുക്കാത്തത്?
ഞാന്‍ സഭയ്ക്കെതിരായ റിബല്‍ ഒന്നുമല്ല. സഭ പുലര്‍ത്തേണ്ട നിലപാട് യേശുക്രിസ്തു ജീവിച്ച പോലെ ജീവിക്കലാണ്. അത് സഭയ്ക്ക് കൈമോശം വന്നിട്ടുണ്ട്. അങ്ങനെ പെരുമാറുന്നതില്‍ സഭയെ വിലക്കുന്നത് ജാതീയ ചിന്തയാണ്. യേശു ക്രിസ്തു റിബല്‍ ആയിരുന്നു. മനുഷ്യത്വത്തെക്കുറിച്ചുള്ള അഗാധമായ സ്നേഹത്തിന് പുറത്താണ് ക്രിസ്തു റിബല്‍ ആയത്.
സമൂഹത്തിലെ ഏറ്റവും സാധാരണക്കാരന്റെ ഒപ്പമാണ് യേശുക്രിസ്തുവുണ്ടായിരുന്നത്. എന്നാല്‍ സഭ ഇന്ന് പിന്തുടരുന്നത് ആ നിലപാടാണോ?
ക്രിസ്തീയതയുടെ ആദിമ സ്വാഭാവത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ആഢ്യബോധം നമ്മളെ വിലക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അത് നമ്മുടെ കുഴപ്പമാണ്. ക്രിസ്തു എന്നും സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു.
ജാതി വ്യവസ്ഥ ഇല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് എന്തിനാണ് ജാതി ചിന്ത?
ജാതീയത അവകാശപ്പെടാത്ത ഒരു മാനവിക തത്വമാണ് ക്രിസ്തീയത. അതു പോലെ തന്നെയാണ് മാര്‍ക്സിസവും. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ രണ്ടു വിഭാഗത്തിനും ഈ മനോഭാവം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇവിടെയുള്ള കമ്യൂണിസ്റ്റുകാര്‍ ജാതിയുടെ വാല്‍ ഒപ്പം കൂട്ടുന്നതും, ക്രിസ്ത്യാനികള്‍ തോമാശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരാണ് തങ്ങളെന്ന് അവകാശപ്പെടുന്നതും. ഒരു ജാതിയുടേയും കാഴ്ചപ്പാട് പുലര്‍ത്താത്ത മാര്‍ക്സിസത്തില്‍ പോലും ഇതാണ് അവസ്ഥ.
ക്രിസ്ത്യാനികള്‍ക്കിടയില്‍ മെത്രാന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന തിരുമേനി, അരമന തുടങ്ങിയ പദ പ്രയോഗങ്ങള്‍ ഒക്കെ ഇതിന്റെ പിന്തുടര്‍ച്ചയാണ്. അത് നല്‍കുന്ന ധ്വനി എന്നത് ഉള്ളിന്റെ ഉള്ളില്‍ ജാതീയമായ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണുന്നുവെന്നതിന്റെ തെളിവാണ്. എല്ലാവര്‍ക്കും ഒരു ആഢ്യവര്‍ഗം ആകാനുള്ള മോഹം അന്തര്‍ലീനമായിട്ടുണ്ട്. അതാണ് ഇത്തരം പ്രവണതകളുടെയെല്ലാം പിന്നിലുള്ളത്.