കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നാല് പേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ഉണ്ടായി. രൂപതകളും അതിരൂപതയും മെത്രാന്മാരുമെല്ലാം ഇന്ത്യന്‍ നിയമത്തിന് അധീനരാണെന്ന് കോടതി വ്യക്തമാക്കി. എറണാകുളം അതിരൂപതയുടെ വിവാദമായ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
നേരത്തെ ആലഞ്ചേരിയുടെ വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നത് കോടതിയുടെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
വിവാദ ഭൂമി ഇടപാടില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പോലീസ് അന്വേഷണം ആവശ്യമില്ലെന്നും കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്നും കോടതി അറിയിച്ചു.