
സോഷ്യൽ റെസ്പോൺസ്
കൊച്ചി:അങ്ങനെ എല്ലാം ഒന്ന് ആറിത്തണുക്കുകയാണ്. വീണ്ടും ഒരു അന്വേഷണ കമ്മീഷൻ. ഇപ്പോൾ ഇത് സിനഡു വക. ഇനി കുറച്ചു നാളത്തേക്ക് ആരും മിണ്ടരുത്. നോക്കരുത്. ഭൂമി കുംഭകോണവും, സാങ്കേതിക പിഴവും എല്ലാം എല്ലാവരും മറക്കും. ആരും അറിയാതെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാം. അങ്ങനെ സഭയിൽ സമാധാനമാകും. എല്ലാം ശുഭം.
ഈ കളിയിൽ ആർക്കു നഷ്ടം? ആർക്കു ലാഭം?
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട സകല തെളിവുകളും പൊക്കി അടിവേരു വരെ മാന്തി. ഒരു ചർച്ചയിലും പിടിച്ചു നില്ക്കാനാകാതെ കർദ്ദിനാൾ വിയർത്തു. സാധിക്കുന്ന എല്ലായിടത്തു നിന്നും ഓടി മാറി. ആർക്ക് കൊടുത്തു? എങ്ങനെ കൊടുത്തു? എത്ര കിട്ടി? എത്ര പോയി? കണക്കുകളെല്ലാം എല്ലാ വൈദികരുടെയും കൈയ്യിലെത്തി. വൈദിക സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടു തലേന്ന് ആശുപത്രിയിൽ. കർദ്ദിനാൾ കഷ്ടിച്ച് തലയൂരി. ആശുപത്രിയിലൂടെ ഉണ്ടാകുമെന്നു കരുതിയ സിംപതി ഏറ്റില്ല. പണി പാളി.
നേരിട്ടുള്ള ചർച്ചയിൽ നിന്ന് ഒഴിവാകാൻ ഇനി ഒരു മാർഗ്ഗമേ ഉള്ളൂ. വിഷയം ഒരു പൊതു ചർച്ചയാക്കി മാറ്റുക. മാസ്റ്റർ പ്ളാൻ അണിയറയിൽ തയ്യാറാവുന്നു. അതനുസരിച്ച് കർദ്ദിനാൾ പക്ഷം വിവരം ലീക്കു ചെയ്തു മാധ്യമങ്ങൾക്ക് കൊടുക്കുന്നു. മാധ്യമങ്ങൾ തലങ്ങും വിലങ്ങും ചർച്ച ചെയ്യുന്നു. ഇതു വരെ കേട്ടിട്ടില്ലാത്ത പലരും പലതരം ഫോറങ്ങളുമായി രംഗ പ്രവേശം ചെയ്യുന്നു. അവർ ബോധപൂർവം ചർച്ചയുടെ ഗതി മാറ്റി വിടുന്നു. ലിറ്റർജിയും കർദ്ദിനാൾ പദവിയുമാകുന്നു ചർച്ച. എടയന്ത്രത്ത് പിതാവിന് കർദ്ദിനാളാവാനുള്ള പുതി കൊണ്ടു് ഉണ്ടാക്കിയ കഥയെന്നായി കാര്യങ്ങൾ. കർദ്ദിനാൾ പിതാവു നിയോഗിച്ച അഭിനവ സഭാ വക്താക്കൾ എടയന്ത്രത്ത് പിതാവിനെതിരെ മ്ളേച്ചമായ ഭാഷയിൽ പുലഭ്യം പറയുന്നു.
ഇത്രയൊക്കെയായിട്ടും വൈദികരുടെ ലക്ഷ്യം തെറ്റുന്നില്ല. അവർ നടപടികളുമായി മുന്നോട്ട് പോകുന്നു. വൈദിക സമിതി വിളിച്ചു കൂട്ടാൻ പറയേണ്ടി വരുന്നു കർദിനാളിന്. ഒടുവിൽ കർദ്ദിനാൾ നിയോഗിച്ച സ്വന്തം സഭാ വക്താക്കൾ കർദ്ദിനാളിനെ ബലമായി തടഞ്ഞു വക്കുന്നു. വൈദിക സമിതിയിൽ നിന്ന് ഒഴിവാകുന്നു. പിന്നീടാണ് സിനഡ്. അങ്ങനെ ഇപ്പോഴത്തെ അന്വേഷണ കമ്മീഷൻ.
കട്ടും മോഷ്ടിച്ചു നഷ്ടപ്പെട്ട കോടികൾ ആവിയായിപ്പോയി. നഷ്ടം രൂപതക്കു മാത്രം. എറണാകുളം അങ്കമാലി അതിരൂപതക്കു മാത്രം. തെറ്റുകൾ വെറും സാങ്കേതിക പിഴവു മാത്രം രൂപതയോട് പോയി പണി നോക്കാൻ പറ.
വസ്തു ദല്ലാളൻമാരും, പണം അടിച്ചുമാറ്റിയവരും പുണ്യവാൻമാർ. അതു കണ്ടുപിടിച്ചവർ ഗുണ്ടകളും തെമ്മാടികളും. അഞ്ചു പൈസ വാങ്ങാതെ ആധാരം ഒപ്പിട്ടു കൊടുത്ത കർദ്ദിനാൾ അതി വിശുദ്ധൻ.
എന്താല്ലേ?
കറ പുരണ്ട് കറുത്ത കൈകളിൽ തന്നെ ഇനിയുംമുത്തണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ, നിങ്ങൾ വരി നിന്നു മുത്തണം. ഈ കൈകൾ തന്നെ ഇനിയും.