മികച്ച രാഷ്ടീയ സിനിമക്കുള്ള പ്രഥമ ടി.ദാമോദരന്‍ മാസ്റ്റര്‍ പുരസ്കാരത്തിന് ‘ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ‘ എന്ന സിനിമയുടെ രചയിതാവും സംവിധായകനുമായ ജിയോ ബേബി തിരഞ്ഞെടുക്കപ്പെട്ടു .
1001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം .
20 21 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ നിന്നുമാണ് മികച്ച രാഷ്ട്രീയ സിനിമയെ തിരഞ്ഞെടുത്തത്. ടി. ദാമോദരന്‍ ഫൗണ്ടേഷന് വേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ , കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. മലയാള സിനിമയില്‍ ലിംഗരാഷ്ട്രീയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് തിരുത്തുകള്‍ക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന് ജൂറി വിലയിരുത്തി.
ടി.ദാമോദരന്‍ മാസ്റ്ററുടെ പത്താം ഓര്‍മ്മവര്‍ഷത്തോടനുബന്ധിച്ച് മാര്‍ച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും.