പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടല്ല, ഉത്തരേന്ത്യ അല്ല കേരളം : ലോക്ഡൗണിൽ പൊലീസും സേവാഭാരതി പ്രവർത്തകരും പാലക്കാട് സംയുക്തമായി നടത്തിയ വാഹനപരിശോധനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ്

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം വരവിന് പിന്നാലെ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. ഇതിനിടെയാണ് പാലക്കാട് സേവാഭാരതി പ്രവർത്തകരും പൊലീസും സംയുക്തമായി നടത്തിയ വാഹനപരിശോധനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും കൽപ്പറ്റയിലെ നിയുക്ത എം.എൽ.എയുമായ ടി.സിദ്ദിഖ്.

പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന ചോദ്യവുമായി സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തുന്ന ചിത്രം സഹിതമാണ് സിദ്ദിഖ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഉത്തരേന്ത്യയല്ല കേരളമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പൊലീസിനെ സംഘനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാകരുതെന്നും ഓർമ്മിപ്പിച്ചു.

ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാലക്കാട് ജില്ലയിൽ സേവാഭാരതി പ്രവർത്തകരും പൊലീസും ചേർന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷർട്ട് ഇട്ട പ്രവർത്തകർ പൊലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്.

പൊലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.

Top