കാണ്ഡഹാർ ജയിൽ താലിബാൻ പിടിച്ചെടുത്തു ! ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു താലിബാൻ ഭീകരർ.90 ദിവസത്തിൽ കാബൂൾ വീഴുമെന്ന് യു.എസ്.

കാബൂൾ :താലിബാൻ ഭീകരരുടെ തേരോട്ടം തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു ഭീകരർ. കാണ്ഡഹാർ സെൻട്രൽ ജയിലാണ് ഭീകരർ ബുധനാഴ്ച തകർത്തത്. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായല്ല താലിബാൻ കാണ്ഡഹാര്‍ ജയിൽ ആക്രമിക്കുന്നത്. 2008, 2011 വർഷങ്ങളിലും ഭീകരർ ജയിൽ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.ഉസ്ബകിസ്താൻ, തജികിസ്താൻ രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്താന്റെ അതിർത്തി പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കി.

റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിർത്തി പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം താലിബാൻ കൈക്കലാക്കിയിട്ടുണ്ടെന്നും അതിർത്തി കടന്ന് ഇരുരാജ്യങ്ങളെയും അക്രമിക്കില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷൊയ്ഗു പറഞ്ഞു. അതിനിടെ, 90 ദിവസത്തിനുള്ളിൽ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ പിടിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽ നിന്നുള്ള വിദേശ സൈന്യങ്ങളുടെ പിന്മാറ്റത്തെ തുടർന്ന് മെയ് മാസം മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക നീക്കത്തിലാണ് താലിബാൻ. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒമ്പത് പ്രവിശ്യാ തലസ്ഥാനങ്ങൾ അവർ കീഴടക്കി. ഫൈസാബാദ്, ഫറാ, പുലെ ഖുംറി, സാറെ പുൽ, ഷബർഗാൻ, അയ്ബക്, ഖുന്ദുസ്, തലുഖാൻ, സറൻജ് എന്നീ പ്രവിശ്യകൾ കീഴടക്കിയതായും അഫ്ഗാന്റെ ഗ്രാമീണ മേഖല വൻതോതിൽ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30 ദിവസത്തിനുള്ളിൽ കാബൂൾ നഗരം ഒറ്റപ്പെടുമെന്നും 90 ദിവസത്തിനകം നിയന്ത്രണം താലിബാന്റെ കൈയിലെത്തുമെന്നും യു.എസ് പ്രതിരോധ മന്ത്രാലയ പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ പ്രതിരോധ സൈന്യം ശക്തമായ ചെറുപ്പുനിൽപ്പ് നടത്തുക മാത്രമാണ് താലിബാനെ തടയാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ശക്തിയാർജിക്കുന്നതിനിടെ, അഫ്ഗാൻ സൈനിക നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണികൾ നടന്നു. ജനറൽ വാലി അഹ്‌മദ് സായിയെ മാറ്റി ജനറൽ ഹയ്ബത്തുല്ലാ അലിസായിയെ സൈനിക മേധാവിയായി നിയമിച്ചു. താലിബാൻ പ്രധാന കസ്റ്റംസ് ചെക്ക് പോസ്റ്റുകൾ പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച് രാജ്യം വിട്ടു. രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ പയേന്ദ, ഏത് രാജ്യത്തേക്കാണ് പോയതെന്ന് വ്യക്തമല്ല.

തുടർച്ചയായ ആക്രമണത്തിന്റെ ഫലമായി കാണ്ഡഹാർ നഗരത്തിലെ ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കീഴടങ്ങി. ജയിൽ മോചനത്തെ കുറ്റവാളികള്‍ ‘സ്വാഗതം ചെയ്തതായും’ താലിബാൻ അറിയിച്ചിട്ടുണ്ട്. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു.

മൂവായിരത്തിലേറെ ഭീകരർ കാണ്ഡഹാർ ജയിലിലുണ്ടെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് യൂറോപ്യൻ യൂണിയന്‍ പ്രതിനിധി വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് വടക്കന്‍ പ്രവിശ്യയായ ബഗ്‍ലാന്റെ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തിരുന്നു. ആറിലധികം പ്രവിശ്യാ തലസ്ഥാനങ്ങളാണു കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ കീഴടക്കിയത്.

Top