പാലക്കാട്: ആളിയാര്‍ ഡാം തമിഴ്നാട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും കൂടുതല്‍ വെള്ളം എത്തിയിട്ടുണ്ട്. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും.
കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നുവെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ പാലക്കാട്ടെ ജലവിഭവ വകുപ്പ് അധികൃതരെയും 11.30 ഓടെ ജില്ലാ കളക്ടറെയും വിവരം അറിയിച്ചുവെന്നാണ് തമിഴ്നാട് പറയുന്നത്. ജില്ലാ കളക്ടറേറ്റില്‍നിന്ന് വിവരം താഴെത്തട്ടിലേക്ക് പോയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തഹസില്‍ദാര്‍മാര്‍ക്കോ വില്ലേജ് അധികൃതരിലേക്കോ സന്ദേശം എത്തിയില്ല.
എന്നാൽ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റിയാണ് നൽകേണ്ടതെന്നായിരുന്നു ജലവിഭവവകുപ്പിന്റെ വാദം. ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്.