സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രാദേശിക ബിജെപി നേതാവിന്റെ വീട്ടിൽ വൻ നോട്ട് വേട്ട. 45 കോടിയുടെ അസാധു നോട്ടുകളാണ് പരിശോധനയിൽ പിടികൂടിയത്. നവംബർ എട്ടിനു നരേന്ദ്രമോദി നോട്ട് നിരോധിച്ചിട്ടും കള്ളപ്പണവും കള്ളനോട്ടും ഇപ്പോഴും സുലഭമാണെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഈ നോട്ട് വേട്ട. കോടാമ്പക്കം സക്കരിയ കോളനിയിലെ വസ്ത്ര വ്യാപാരി കൂടിയായ ദണ്ഡപാണിയുടെ കയ്യിൽ നിന്നാണ് അസാധു നോട്ടുകൾ കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എം.വി രാമലിംഗം ആൻഡ് കമ്പനിയിലും വീട്ടിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് പണം പിടികൂടുന്നത്.
വസ്ത്രസ്ഥാപനത്തിൽ നിന്നായിരുന്നു മുഴുവൻ പണവും കണ്ടുകെട്ടിയത്. വസ്ത്രങ്ങളിൽ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ നോട്ടുകെട്ടുകൾ സുക്ഷിച്ചിരുന്നത്. പൊലീസ് വകുപ്പിന് കരാർ അടിസ്ഥാനത്തിൽ വസ്ത്രങ്ങൾ തയ്ച്ച് നൽകുന്നതും സിനിമാ ഷൂട്ടിങ്ങിനും മറ്റും വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് ദണ്ഡപാണിയുടേത്. അസാധു നോട്ടുകൾ മാറി നൽകാൻ ഒരു ജ്വല്ലറി ഉടമ എത്തിച്ച പണമാണിതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സിനിമാ മേഖലയുമായ് അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ വഴിയാണ് തമിഴ് സിനിമാ താരങ്ങൾ നോട്ടുകൾ കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട്. മോദി സർക്കാർ ഏർപ്പെടുത്തിയ നോട്ട് നിരോധനത്തോട് പാർട്ടി നേതാക്കൾ എങ്ങിനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.


