കുടിവെള്ളം വിതരണത്തില്‍ ടാങ്കര്‍ ഡ്രൈവര്‍മാരുടെ തര്‍ക്കം;ഒരാളെ തല്ലിക്കൊന്നു

കുറവിലങ്ങാട്: ടാങ്കര്‍ലോറിയില്‍ കുടിവെള്ളം എടുക്കുന്ന കേന്ദ്രത്തില്‍ ലോറിഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാണക്കാരി എസ്എന്‍ഡിപി ഗുരുമന്ദിരത്തിനുസമീപം ചിറ്റക്കാട്ട് കിഴക്കേതില്‍ സുകുമാരന്റെ മകന്‍ ഷാബു(45)ആണ് മരിച്ചത്. ലോറിഉടമയും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടുമായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്‍സണ്‍, ക്ലീനര്‍ തിരുവനന്തപുരം സ്വദേശി പട്ടിത്താനം മനീഷ് ഭവനില്‍ മണി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാണക്കാരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോണി ചാത്തന്‍ചിറയുടെ വെമ്പള്ളിയിലെ വീട്ടിലെ കുളത്തില്‍നിന്നുമാണ് വെള്ളം വിതരണത്തിനെടുത്തിരുന്നത്. വീട്ടുമുറ്റത്തെ കുളത്തില്‍നിന്നും വെള്ളം പമ്പ്‌ചെയ്ത് റോഡില്‍ നിര്‍ത്തയിട്ടിരിക്കുന്ന ലോറികളിലെ ടാങ്കറുകളിലേക്ക് എത്തിച്ചായിരുന്നു ജലവിതരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടേണിനെചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഷാബുവിനെ ജോണ്‍സണും മണിയും ചേര്‍ന്ന് കീഴ്‌പ്പെടുത്തി ലോറിക്കടിയിലിട്ടും മര്‍ദ്ദിച്ചതായി സംഭവത്തിന് സാക്ഷികളായവര്‍ മൊഴിനല്‍കിയിട്ടുണ്ട്. പരിക്കുകളോടെ സംഭവസ്ഥലത്തുനിന്നും ലോറിയില്‍ക്കയറി രക്ഷപെട്ട ഷാബു വെമ്പള്ളിപാലത്തിനുസമീപം ലോറിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു.

കുറവിലങ്ങാട് പൊലീസ് ഷാബുവിനെ മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം ഡിവൈഎസ്പി സുഭാഷ്, സി ഐ കെ.പി. തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.

രാധികയാണ് ഷാബുവിന്റെ ഭാര്യ, മക്കള്‍: ശരണ്‍(വിദ്യാര്‍ത്ഥി, കടപ്ലാമറ്റം ടെക്‌നിക്കല്‍ സ്‌കൂള്‍)ശരണ്യ(വിദ്യാര്‍ത്ഥി, പട്ടിത്താനം സെന്റ്‌ബോണിഫസ് സ്‌കൂള്‍).

Top