പാണമ്പ്ര: മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.
കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച് വാതകം അതിലേക്കു മാറ്റാനുള്ള ആലോചനയുമുണ്ട്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും വീടുകള്‍ കയറിയിറങ്ങി വിവരം അറിയിക്കുകയും ചെയ്തു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ രാമനാട്ടുകര ജംഗ്ഷനില്‍നിന്നും ചെറിയ വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍നിന്നും വഴിതിരിച്ചു വിടുകയാണ്.