ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കേസില്‍ പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഏഴ് പേരാണ് പരാതി നല്‍കിയത്. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴി അവസാന പരാതി നല്‍കിയത്.
ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ച് ഇന്നലെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മറ്റ് യുവതികള്‍ പരാതി നല്‍കിയിരുന്നു.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നു പറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു.
സുജീഷിന്‍റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്‍റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം, പീഡന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ സൂജീഷിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി