വിജയശാന്തിയും അസറുദ്ദീനും കോൺഗ്രസ് വിടുന്നു…!! സമാനതകളില്ലാത്ത തകർച്ചയെ നേരിട്ട് സോണിയ

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോല്‍വിയോടെ സമാനതകളില്ലാത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസ് രാജ്യമെമ്പാടും നേരിടുന്നത്.  എംഎല്‍എമാരും എംപിമാരും മുതല്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം  സുരക്ഷിത താവളങ്ങൾ നോക്കി ചേക്കേറുകയാണ്. രാഹുൽ ഗാന്ധിക്ക് ശേഷം സോണിയാ ഗാന്ധി നേതൃപദവിയിലെത്തിയിട്ടും കോൺഗ്രസിനെ രക്ഷപ്പെടുത്താനാവുന്നില്ല.

ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്നു തെലുങ്ക് മേഖലയില്‍ കോണ്‍ഗ്രസ് ഇന്ന് അടിവേരിളകി നില്‍ക്കുകയാണ്. ആകെയുളള എംഎല്‍എമാരില്‍ പകുതിയും ടിആര്‍എസിലെത്തിക്കഴിഞ്ഞു. നടിയും നേതാവുമായി വിജയശാന്തിയും പാര്‍ട്ടി വിടുകയാണ്. പിന്നാലെ തെലങ്കാന പിസിസി വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് അഹറുദ്ദീനും കോണ്‍ഗ്രസ് വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2004ലേയും 2009ലേയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ പ്രകടനമാണ് ആന്ധ്ര പ്രദേശില്‍ കാഴ്ച വെച്ചിരുന്നത്. 2004ല്‍ 29 സീറ്റും 2009ല്‍ 33 സീറ്റും കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ ആന്ധ്രയെന്നും തെലങ്കാനയെന്നും സംസ്ഥാനത്തെ വിഭജിച്ചതോടെ കോണ്‍ഗ്രസ് തെലുങ്ക് മേഖലയില്‍ നിലംപരിശായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് തെലങ്കാനയില്‍ ലഭിച്ചത്.

ടിആര്‍എസിന്റെ അപ്രമാദിത്വമാണ് തെലങ്കാനയില്‍. 119 അംഗ നിയമസഭയില്‍ 88 സീറ്റുകളില്‍ വിജയിച്ചാണ് തെലങ്കാന രാഷ്ട്രസമിതി ഭരണം പിടിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഉത്തം കുമാര്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജി വെച്ചതോടെ ആകെ എണ്ണം 18 ആയി ചുരുങ്ങി. അതില്‍ നിന്ന് 12 പേര്‍ കൂട്ടത്തോടെ ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ അടിവേരിളകി.

നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനുളളത് വെറും 6 എംഎല്‍എമാരാണ്. പ്രതിപക്ഷ നേതൃസ്ഥാനവും ഇതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. നിലനില്‍പ്പിന് വേണ്ടി പാടുപെടുന്ന കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി പാര്‍ട്ടി വിടുന്നതായുളള വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ബിജെപിയിലേക്കാണ് വിജയശാന്തിയുടെ പോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ തെലങ്കാന പിസിസി അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റനുമായ മുഹമ്മദ് അസറുദ്ദീനും കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് അസറുദ്ദീന്‍. ടിആര്‍എസിലേക്കാണ് അസറുദ്ദീന്‍ കളംമാറാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ അസറുദ്ദീന്‍ പക്ഷേ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അസറുദ്ദീന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അസറുദ്ദീന്‍ ടിആര്‍എസില്‍ ചേരുമെന്നും സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കും എന്നുമായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് അസറുദ്ദീനെ പിന്തുണച്ചിരുന്നു. ടിആര്‍എസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന ജി വിവേകിന്റെ പരാജയം ഉറപ്പാക്കുന്നതിനായിരുന്നു അത്.
Top