മുസ്ലീം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎല്‍എ. വിസമ്മതം പറഞ്ഞത് തെലങ്കാനയിലെ ബിജെപി എംഎല്‍എ ആയ ടി രാജാ സിംഗ് ആണ്. ജനങ്ങളെ മതഭ്രാന്തിലേയ്ക്ക് നയിക്കുന്നു എന്ന പരാതി ബിജെപിക്കെതിരെ വ്യാപകമായി ഉയരുന്ന അവസരത്തിലാണ് എംഎല്‍എയുടെ നിലപാട് വിമര്‍ശനവിധേയമാകുന്നത്.
ഓള്‍ ഇന്ത്യന്‍ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമിയന്‍ (എഐഎംഐഎം) പാര്‍ട്ടി നേതാവും പ്രൊ ടൈം സ്പീക്കറുമായ മുതാംസ് അഹമ്മദ് ഖാന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ബിജെപി എംഎല്‍എ ടി രാജാ സിംഗ് നിലപാട് സ്വീകരിച്ചത്. ഇന്നലെ തെലങ്കാനയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിന്നും രാജാ സിംഗ് വിട്ട് നിന്നു.
എഐഎംഐഎം എന്ന ഹിന്ദു വിരുദ്ധ പാര്‍ട്ടിയിലെ അംഗമാണ് പ്രോ ടൈം സ്പീക്കര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദുകളെ ബഹുമാനിക്കുന്നില്ലെന്ന് രാജാ സിംഗ് പറഞ്ഞു. ഹിന്ദു സംസ്‌കാരത്തെയും വികാരത്തെയും മാനിക്കുന്നില്ല. അവര്‍ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഭാരത മാതാ കീ ജയ്, വന്ദേമാതരം എന്നിവ പറയാന്‍ അവരുടെ നേതാക്കള്‍ ഇതു വരെ തയ്യാറായിട്ടില്ല. അവര്‍ അത് പറയാന്‍ തയ്യാറാകുന്ന പക്ഷം പ്രൊ ടൈം സ്പീക്കറിന് മുമ്പില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തിനുള്ളില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറിന്റെ ചേംബറില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും രാജാ സിംഗ് അറിയിച്ചിട്ടുണ്ട്.