
മലപ്പുറം: മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത ആള്‍ പിടിയില്‍. സംഭവം റംസാന്‍ മാസത്തില്‍ കലാപത്തിനുള്ള സംഘപരിവാര്‍ നീക്കമായിരുന്നെന്ന് റിപ്പോര്‍ട്ട്. നതിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയാണ് അറസ്റ്റിലായത്.
നേരത്തെ വാണിയമ്പലം ബാണാപുരം ക്ഷേത്രത്തിലും അക്രമം നടത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിന്റെ വാതില്‍ തകര്‍ത്തു ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹമാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്.
സംഭവം നടന്നത് റംസാന്‍ ഒന്നായ ഇന്നലെ ആയതിനാല്‍ ഇതിനു പിന്നില്‍ മുസ്ലിംങ്ങളും കമ്മ്യൂണിസ്റ്റുകളും ആണെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളിലെ പ്രചാരണം. സോഷ്യല്‍ മീഡിയയിലടക്കം ഈ രീതിയുള്ള പ്രചാരണങ്ങളും ക്യാംപയിനുകളും പടര്‍ന്നുപടിച്ചിരുന്നു. എന്നാല്‍ പ്രതി പിടിയിലായതോടെ കലാപത്തിനു കാരണമായേക്കാവുന്ന തരത്തിലുള്ള കുപ്രചാരണങ്ങള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. എംഎല്‍എ പി വി അന്‍വര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗവും അലങ്കോലപ്പെട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവിലിന്റെ ഓടിളകിയ നിലയില്‍ കണ്ടത്. ക്ഷേത്രത്തിനകത്തെ രണ്ടു ശ്രീകോവിലിന്റേയും വാതില്‍ തകര്‍ത്തായിരുന്നു ഇയാള്‍ അകത്തുകയറിയത്.
അതേസമയം, ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയാണ് തന്റെ നിലപാടെന്ന് പൊലീസ് പിടിയിലായ രാജാറാം പറഞ്ഞു. നേരത്തെ, വാണിയമ്പലത്തെ ക്ഷേത്രത്തിലും അക്രമം നടത്തിയത് താന്‍ തന്നെയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ബാണാപുരം ക്ഷേത്രത്തിനു നേരെ ആക്രമണം നടന്നയുടന്‍ ക്ഷേത്ര കമ്മിറ്റിയിലെ ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പരസ്പര വിരുദ്ധമായ മൊഴികളില്‍ സംശയം തോന്നിയ നാട്ടുകാര്‍ പ്രതിഷേധ പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു.
നാട്ടുകാര്‍ ഉന്നയിച്ച സംശയങ്ങളെ വകവയ്ക്കാതെ കെഎന്‍എ ഖാദര്‍, സാദിഖലി ഷിഹാബ് തങ്ങള്‍ തുടങ്ങിയ ലീഗ് നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം ഓഫര്‍ ചെയ്യുകയും ചെയ്തതോടെ ക്ഷേത്ര ആക്രമണത്തിനു പിന്നില്‍ മുസ്ലിങ്ങള്‍ തന്നെയാണെന്ന കുപ്രചാരണം വീണ്ടും പടര്‍ന്നു. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിരുന്നുമില്ല. വിഷയത്തില്‍ പ്രദേശം കേന്ദ്രീകരിച്ച് സംഘപരിവാര്‍ കടുത്ത വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജാറാം മോഹന്‍ദാസ് പോറ്റി കുറ്റം സമ്മതിച്ചതോടെ ആ കുപ്രചാരണങ്ങള്‍ക്കും അന്ത്യമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രത്തില്‍ പശുമാംസവും പോത്തിന്റെ തലയുമൊക്കെ കൊണ്ടിട്ട് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശ്രമം പലപ്പോഴായി പാളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നീക്കത്തിനും തിരിച്ചടിയുണ്ടായിരിക്കുന്നത്.