യുദ്ധകാഹളം മുഴങ്ങുന്നു , മുന്നൊരുക്കം തുടങ്ങി അമേരിക്ക

റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. യുക്രൈിനിൽ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ലോകരാജ്യങ്ങൾ വിഷയത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങി.

റഷ്യൻ അധിനിവേശം ആസന്നമെന്ന ആശങ്ക ഉയർന്നതോടെ യുക്രൈൻ നയതന്ത്രകാര്യാലയത്തിൽനിന്ന് ബ്രിട്ടൻ ജീവനക്കാരെ പിൻവലിച്ചുതുടങ്ങി. നയതന്ത്രകാര്യാലയ ജീവനക്കാരുടെ ബന്ധുക്കളോട് യുക്രൈൻ വിടാൻ അമേരിക്കയും പറഞ്ഞിട്ടുണ്ട്. അത്യാവശ്യമില്ലാത്തവർ യുക്രൈൻ യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസും നിർദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനിൽ റഷ്യയുടെ അധിനിവേശം ഏതുനേരവും ഉണ്ടാകാമെന്നാണ് അമേരിക്ക പറയുന്നത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ആളുകളെ തിരിച്ചുവിളിക്കുന്നതെന്നും അമേരിക്ക പറയുന്നു. യുക്രൈനിലേക്കും റഷ്യയിലേക്കും യാത്ര അരുതെന്നും അമേരിക്ക പൗരരോടു നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ സൈന്യത്തോടും നാറ്റോയോടും തയ്യാറായിരിക്കാൻ വരെ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ വരെ ഉപരോധം കൊണ്ടുവരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകിയതാണ്.

യുകൈന്രിൽ റഷ്യ ഇടപെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ബൈഡൻ പറഞ്ഞു. യൂറോപ്പിനെ റഷ്യൻ കടന്നുകയറ്റത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് ബൈഡന്റെ നിലപാട്.

ഉപരോധം ഏർപ്പെടുത്തുമെന്നുള്ള ബൈഡന്റെ തീരുമാനം, അടുത്തിടെ റഷ്യക്കെതിരെയുള്ള യുഎസ്സിന്റെ കടുത്ത നീക്കം കൂടിയാണ്. യുക്രൈൻ അതിർത്തിയിൽ സൈനിക ട്രൂപ്പുകൾ സ്ഥാപിക്കാൻ റഷ്യ തീരുമാനിച്ചതിന് പിന്നാലെ നാറ്റോ സൈന്യത്തെ സജ്ജമാക്കി നിർത്തുകയും, കിഴക്കൻ യൂറോപ്പിൽ കപ്പലുകളെയും ഫൈറ്റർ ജെറ്റുകളുടെയും സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധസമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

എന്നാൽ യുക്രൈനെ ആക്രമിക്കാൻ തങ്ങൾ ആലോചിച്ചിട്ടേ ഇല്ലെന്ന് കഴിഞ്ഞ ദിവസം റഷ്യ പറഞ്ഞിരുന്നു. പ്രശ്‌നമുണ്ടാക്കുന്നത് നാറ്റോയും യുഎസ് നടപടികളുമാണെന്ന് റഷ്യ പറയുന്നു. അമേരിക്കയും നാറ്റോയും യുക്രൈൻ റഷ്യയുടെ ഭാഗമല്ലെന്ന വാദത്തിലാണ്. പല ചർച്ചകൾ നടന്നെങ്കിൽ ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. ബൈഡൻ സാമ്പത്തികമായി തന്നെ റഷ്യയെ കുരുക്കാനുള്ള പദ്ധതികളാണ് തയാറാക്കുന്നത്.

യുക്രൈൻ അതിർത്തിയിലെ റഷ്യയുടെ സൈനികവിന്യാസത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയക്കുകയാണ് ഡെൻമാർക്ക്, സ്‌പെയിൻ, ബൾഗേറിയ, നെതർലൻഡ്സ് എന്നീ നാറ്റോ അംഗരാജ്യങ്ങൾ.

യുക്രൈൻ അതിർത്തിയിൽ റഷ്യ നടത്തുന്ന സൈനിക വിന്യാസത്തിന് മറുപടിയായി കൂടുതൽ കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് അടിയന്തരസാഹചര്യം നേരിടാൻ സേനയെ സജ്ജരാക്കുകയാണെന്നും നാറ്റോ പറഞ്ഞു കഴിഞ്ഞു.

ഏകദേശം 1,00,000 റഷ്യൻ സൈനികരാണ് യുക്രൈൻ അതിർത്തിയിൽ യുദ്ധസജ്ജരായി തുടരുന്നത്. ഈ ആഴ്ച തന്നെ യുക്രൈനിൽ നിന്ന് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള പ്രതികരണം കാത്തിരിക്കുകയാണ് റഷ്യ.

അതേസമയം ബ്രിട്ടന്റെയും അമേരിക്കയുടെയും തീരുമാനത്തിനു പ്രേരകമായ തരത്തിലുള്ള അടിയന്തരസാഹചര്യമൊന്നും യുക്രൈനിൽ ഉണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്.

യൂറോപ്യൻ യൂണിയന്റെ ജീവനക്കാർ യുക്രൈനിൽ തുടരുമെന്നും സംഘർഷങ്ങളെ നാടകീയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ തലവൻ ജോസെപ് ബോറെൽ പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ തീരുമാനം അനാവശ്യ മുൻകരുതലാണെന്ന് യുക്രൈൻ പറഞ്ഞു.

Top