വാഷിങ്ങ്ടണ്‍: അമേരിക്കന്‍ നഗരമായ ടെക്സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പില്‍ ഗര്‍ഭിണിയും കുട്ടികളുമടക്കം 26 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അഞ്ചു വയസ്സ് മുതല്‍ 72 വയസ്സുള്ള ആളുകള്‍ വരെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് അപകടമുണ്ടായിരിക്കുന്നത്. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി ഒറ്റയ്ക്ക് അകത്തുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ മെഡിക്കല്‍ ഹെലിക്കോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാദേശിക ആശുപത്രികളിലാണു പ്രവേശിപ്പിച്ചത്.
പ്രാര്‍ഥന നടക്കുമ്പോള്‍ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ന്യൂ ബ്രൗന്‍ഫെല്‍സിലെ ഡെവിന്‍ കെല്ലിയാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്പ്പു നടത്തിയശേഷം ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീടു ഗ്വാഡലൂപ് കൗണ്ടിയില്‍ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സാന്‍അന്റോണിയയില്‍ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതിനു പ്രത്യക്ഷമായി തെളിവുകളില്ലെന്നാനു സൂചന. ആക്രമണത്തിനു മുന്‍പ് കെല്ലി സമൂഹമാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇയാളൊരു എആര്‍ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി കോര്‍ട്ട്മാര്‍ഷല്‍ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.