ലോക്നാഥ് ബഹ്റ വിരമിക്കുന്ന ഒഴിവിൽ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡിയാണ് തച്ചങ്കരിയിപ്പോൾ. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന തച്ചങ്കരിക്കു പോലീസ് ചീഫിൻറെ പദവിയിലെത്തുന്നതനു തടസമായി നിന്ന കേസുകൾ ഉൾപ്പെടെയുള്ള കുരുക്കുകൾ ഒരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഡയറക്ടർ അരുൺകുമാർ സിൻഹ എന്നിവരാണ് പോലീസ് ചീഫ് പദവിയിലേക്കു പരിഗണിക്കണിക്കപ്പെടുന്ന മറ്റ് രണ്ടു പേർ. കെഎസ്എഫ്ഇയിലെ വിവാദ റെയ്ഡും മകൾ പോലീസുകാരനെ കൈയേറ്റം ചെയ്ത വിവാദ കേസും സുധേഷ് കുമാറിനു പോലീസ് ചീഫ് പദവിയിലെത്തുന്നതിനു തടസമാണെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു.
കെഎസ്എഫ്ഇയുടെ വിജിലൻസ് റെയ്ഡിനെ മുഖ്യമന്ത്രി ന്യായീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്തു രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുപോകാൻ വിജിലൻസിനു സാധിച്ചില്ലെന്ന ഉന്നത നേതൃത്വത്തിൻറെ വിലയിരുത്തലും സുധേഷ് കുമാറിനു വിനയായതായാണ് അറിയുന്നത്. ഡെപ്യൂട്ടേഷൻ റദ്ദാക്കി കേരളത്തിലേക്കു മടങ്ങേണ്ടതില്ലന്ന നിലപാടിലാണ് അരുൺ കുമാർ സിൻഹ. ഈ സാഹചര്യത്തിലാണ് തച്ചങ്കരി തന്നെ പോലീസ് ചീഫാകണമെന്ന നിർദ്ദേശം വന്നിട്ടുളളത്.
2018 ഏപ്രിൽ 16ന് കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ തച്ചങ്കരി തുടക്കം മുതൽ സ്വീകരിച്ചു വന്ന നടപടികളിൽ ഏറെ ശ്രദ്ദേയമായിരുന്നു. സിഐടിയു നേതൃത്വവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അദ്ദേഹത്തിൻറെ കസേര തെറിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായി തച്ചങ്കരി ചാർജെടുത്ത ശേഷം കെട്ടിക്കിടക്കുന്ന കേസുകൾക്കു തന്നെ ജീവൻ വച്ചിരുന്നു. വ്യാജ പരാതി നൽകിയ കേസിൽ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതും തച്ചങ്കരിയാണ്. തച്ചങ്കരി ചുമതയേറ്റ ശേഷം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലും വായ് തിരിച്ചു പിടിക്കുന്നതുൾപ്പെടെ വലിയ മാറ്റങ്ങളാണു നടക്കുന്നത്.