ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം.

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം. ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമനം പിന്നീട് നല്‍കും. പൊലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി അദ്ദേഹത്തിന് ലഭിക്കുമെന്നാണ് വിവരം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ തച്ചങ്കരി. റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഡി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോമിന്‍ തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്നു അദ്ദേഹം. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നിങ്ങനെ നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി. നേരത്തെ ലോക്‌നാഥ് ബെഹ്റ ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്ക് മടങ്ങുമെന്ന അഭ്യൂവഹങ്ങൾക്കിടയിൽ ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത തച്ചങ്കരിക്കായിരുന്നു.

അതേസമയം ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലൻസ് കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 – 2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്.

Top