ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ അനധികൃതമായി കടുവ കടത്തലും സൂക്ഷിപ്പും വ്യാപകമാകുന്നു. പ്രശസ്തമായ ബുദ്ധ ക്ഷേത്രത്തില്‍ 40ഓളം കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി. ക്ഷേത്രത്തിലെ അടുക്കളയിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അനധികൃതമായി മൃഗങ്ങളെ കടത്തുന്നതിനെതിരെയും സൂക്ഷിക്കുന്നതിനെതിരെയും പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പോലീസ് റെയ്ഡ് ആരംഭിച്ചത്.
കാഞ്ചന്‍ബുരി പ്രവിശ്യയിലെ ബുദ്ധ ക്ഷേത്രത്തിലാണ് കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തിയത്. തായ്ലന്‍ഡിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെത്തുന്നവര്‍ കടുവ കുഞ്ഞുങ്ങളോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാറുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ അടുക്കള വശത്ത് ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജഡങ്ങള്‍. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ 52 കടുവകളെ ജീവനോടെ കണ്ടെത്തിയിരുന്നു.
തായ്ലന്‍ഡില്‍ ആനക്കൊമ്പ്, പക്ഷികള്‍, മറ്റ് ജീവി വര്‍ഗങ്ങള്‍ എന്നിവയുടെ അനധികൃത കടത്ത് വ്യാപകമാണ്. കടുവയുടെ ശരീരാവശിഷ്ടങ്ങള്‍ക്ക് ചൈനീസ് ഔഷധ വിപണിയില്‍ വന്‍ ഡിമാന്റാണുള്ളത്. വംശനാശം സംഭവിച്ച ജന്തു വര്‍ഗങ്ങളെ വിപണിയില്‍ വില്‍ക്കുന്നതും തായ്ലന്‍ഡില്‍ പതിവാണ്.