തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ ഒരു കൈ നഷ്ടപ്പെട്ട തലശേരി ചേറ്റംകുന്നില്‍ നാസ ക്വാര്‍ട്ടേഴ്സില്‍ സുല്‍ത്താനെന്ന പതിനേഴു വയസുകാരന്‍ അധികൃതരുടെ അവഗണന കാരണം നരകയാതന അനുഭവിക്കുകയാണെന്ന് പിതാവ് അബൂബക്കര്‍ സിദ്ദിഖ് കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകകപ്പ് ഫുട് ബോളിന്റെ മുന്നോടിയായുള്ള ആവേശത്തിനിടെ യില്‍ കൂട്ടുകാരുമായി ഫുട്ബോള്‍ കളിച്ചപ്പോഴുണ്ടായ വീഴ്ച്ചയാണ്പ്ളസ് ടു വിദ്യാര്‍ത്ഥിയായ മകന്റെ ഭാവി ഇരുളടഞ്ഞതാക്കിയത്. വീണു പരുക്കേറ്റ ഉടന്‍ തന്നെ ഉമ്മയെയും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പതിനൊന്നു ദിവസത്തോളം തലശേരി ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ബിജുമോന്‍ കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് അബൂബക്കര്‍ സിദ്ദിഖ് ആരോപിച്ചു.
ഒക്ടോബര്‍ 30 ന് വൈകുന്നേരമാണ് കുട്ടിക്ക് വീണു പരുക്കേറ്റത്. എന്നാല്‍ നവംബര്‍ പതിനൊന്നിന് മാത്രമാണ് സുല്‍ത്താന് ശസ്ത്രക്രിയ നടത്തുന്നത്. പിറ്റേ ദിവസം സ്ഥിതി മോശമാവുകയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നും കുട്ടിയുടെ കൈമുട്ടിന് താഴെ നിന്നും മുറിച്ചു മാറ്റണമെന്ന് പറഞ്ഞതിനാല്‍ കോഴിക്കോട് മിംമ്സ്, കോയമ്പത്തൂര്‍ ഗംഗ എന്നീ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സ തേടിയെങ്കിലും അവിടങ്ങളില്‍ നിന്നും കൈക്ക് പഴുപ്പു കയറിയിട്ടുണ്ടെന്നും മുറിച്ചു മാറ്റാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്.
ഇതേ തുടര്‍ന്ന് നവംബര്‍ 14 ന് കണ്ണൂര്‍ മിമ്സ് ആശുപത്രിയില്‍ വെച്ചു കൈ മുറിച്ചു മാറ്റുകയായിരുന്നു. മത്സ്യ തൊഴിലാളിയായ താന്‍ അന്നന്ന് ജീവിച്ചു ഉപജീവനം കഴിക്കുന്നയാളാണെന്നും രണ്ടു ലക്ഷത്തില്‍ കൂടുതല്‍ തുക ഇതിനായി ചെലവായെന്നും അബൂബക്കര്‍ സിദ്ദിഖ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ചികിത്സാ പിഴവുകാരണമാണ് തന്റെ മകന് കൈ നഷ്ടമായതെന്നും സര്‍ക്കാരോ ആരോഗ്യ വകുപ്പോ യാതൊരു സഹായവും ചെയ്തില്ല. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സ്പിക്കറുമുള്‍പെടെ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അബുബക്കര്‍ സിദ്ദിഖ് ആരോപിച്ചു.
കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുന്നതു വരെ നീതി ലഭിക്കാന്‍ നിയമ പോരാട്ടം നടത്തുമെന്ന് അബൂബക്കര്‍ സിദ്ദിഖ് അറിയിച്ചു.