തരൂർ ലക്ഷ്യം വെക്കുന്നത് കേരള മുഖ്യമന്ത്രി!! അല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.എന്തായിരിക്കും തരൂരിന്റെ ലക്ഷ്യം.

നീക്കത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ആശങ്ക. തരൂര്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഉയരുന്നുണ്ട് .ഇത് ഉള്ളതാണ് സോണിയ കുടുംബത്തിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട് .മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തി കേരളത്തില്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനാണോ തരൂർ ലക്‌ഷ്യം വെക്കുന്നത് എന്ന് കേരളം നേതാക്കളും ഭയക്കുന്നുണ്ട് കേരളത്തിലെ നേതാക്കൾ ഭൂരിപക്ഷവും ഇപ്പോൾ തരൂരിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമത്തിലാണ് തരൂരിന്റെ അടുത്ത ലക്‌ഷ്യം എന്താണെന്ന് വിശകലനം ചെയ്തുകൊണ്ട് ഏഷ്യാനെറ്റ് സീനിയർ ജേർണലിസ്റ്റ് പ്രശാന്ത് രഘുവംശം എഴുതിയ ലേഖനം ചർച്ചയായിട്ടുണ്ട് .

ലേഖനം മുഴുവനായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശി തരൂരിനെ ആർക്കാണ് പേടി? കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഉയരുന്ന ചോദ്യമാണിത്. ശശി തരൂരിൻറെ നീക്കങ്ങൾ വ്യക്തമായ പദ്ധതികളോടെയാണ്. തരൂരിന് 66 വയസ്സായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ 66 ചെറുപ്പമാണ്. തരൂരിന് ഒരു പതിറ്റാണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരാം. വെറുതെ തുടരാതെ അടുത്ത ലക്ഷ്യങ്ങളിലേക്ക് നടന്നെത്താനാണ് തരൂരിൻറെ നീക്കങ്ങൾ. തരൂരിൻറെ മനസ്സിലുള്ള ലക്ഷ്യങ്ങൾ എന്താകും?

1. കേരളത്തിൻറെ മുഖ്യമന്ത്രി?

ശശി തരൂർ കേരളത്തിൻറെ മുഖ്യമന്ത്രിയോ? ഇക്കാര്യം ചർച്ച ചെയ്തപ്പോൾ നേരത്തെ കേരളത്തിലെ ചില നേതാക്കൾ ചിരിച്ചു തള്ളിയിരുന്നു.  അവരിൽ ചിലരെങ്കിലും ഇപ്പോൾ നിലപാട് മാറ്റുന്നുണ്ട്. ഈ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഓരോ നീക്കത്തിലും തരൂർ തിരുവന്തപുരത്തിന് അപ്പുറത്തെ ജനപിന്തുണയ്ക്കുള്ള താല്പര്യത്തിൻറെ സൂചനകൾ നല്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തരൂരിനെ മുന്നിൽ നിറുത്തി മത്സരിച്ചെങ്കിൽ കേരളത്തിൽ വിജയിക്കാമായിരുന്നു എന്നതാണ് സോണിയ ഗാന്ധിക്ക് തോൽവിക്ക് ശേഷം കിട്ടിയ ഒരു റിപ്പോർട്ട്.

ശശി തരൂരിന് ഇപ്പോൾ തന്നെ ചെറുപ്പക്കാരുടെ പിന്തുണയുണ്ട്. അതിപ്പോൾ കൂടുതൽ വ്യക്തമായി. വികസനത്തിന് അനുകൂലമാണ് തരൂരിൻറെ നയം. കേരളത്തിൽ പൊതുവെ കാണുന്ന നെഗറ്റിവിറ്റിക്ക് അപവാദമാണ് തരൂർ. പ്രതികരണങ്ങൾ പൊസിറ്റീവാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് ചില വിഷയങ്ങളിൽ നിലപാടെടുക്കും. ക്രിക്കറ്റ്, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലെ ഇടപെടൽ വേറെ. തരൂർ യുവവോട്ടർമാർക്കിടയിൽ പ്രചാരം നേടാനുള്ള കാരണങ്ങൾ പലതാണ്.

തികഞ്ഞ വിശ്വാസിയാണ് താൻ എന്ന് തരൂർ അവസരം കിട്ടുമ്പോഴൊക്കെ വ്യക്തമാക്കുന്നുണ്ട്. ചന്ദനക്കുറി അണിഞ്ഞ് അഭിമുഖം നല്കാനും പൊതുയോഗങ്ങളിൽ പോകാനും തരൂരിന് മടിയില്ല. തരൂർ അതു ചെയ്യുന്നതിൽ ആർക്കും വലിയ എതിർപ്പുമില്ല. കേരളത്തിലെ ഹിന്ദു വോട്ടർമാർക്കിടയിൽ പ്രത്യേകിച്ച് മുന്നോക്ക വോട്ടർമാർക്കിടയിൽ തരൂർ കഴിഞ്ഞ പന്ത്രണ്ടു കൊല്ലത്തിൽ ഒരു കണക്ട് ഉണ്ടാക്കിയിട്ടുണ്ട്. ‘ദില്ലി നായർ’ എന്ന ആക്ഷേപത്തെയാക്കെ തരൂർ മറികടന്നു എന്നാണ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലുയർന്ന അനുകൂല വികാരം തെളിയിക്കുന്നത്.

വിശ്വാസിയായിരിക്കുമ്പോഴും മതേതര നിലപാടുകൾ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന തരൂരിനോട് കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിർപ്പില്ല. മുസ്ലിം ലീഗ് തരൂരിനോട് അടുത്തകാലത്തായി കൂടുതൽ അടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന് മുസ്ലിംലീഗ് ആവശ്യപ്പെടും എന്ന പ്രതീക്ഷ പോലും തരൂരിനെ പിന്തുണയ്ക്കുന്നവർക്കുണ്ട്. തിരുവനന്തപുരത്ത് ക്രിസ്ത്യൻ നേതൃത്വവുമായി അടുത്ത ബന്ധം തരൂർ ഉണ്ടാക്കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയെ തരൂർ പിന്തുണയ്ക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ല.

തരൂരിൻറെ നിലപാടിൽ അവർക്ക് സംശയമില്ല. ഇങ്ങനെ വിവിധ സാമുദായിക വിഭാഗങ്ങൾക്ക് എല്ലാം സ്വീകാര്യനായി മാറാൻ കഴിഞ്ഞ നേതാക്കൾ കോൺഗ്രസിൽ കെ കരുണാകരന് ശേഷം ഇല്ല. മധ്യവർഗ്ഗവും വ്യവസായികളും തരൂരിനായി വാദിക്കുന്നു. താഴേതട്ടിലുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കൂടി കഴിഞ്ഞാൽ തരൂരിന് അനായാസം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാം. തിരുവനന്തപുരത്ത് പോലും പാർട്ടി സംവിധാനം ഇപ്പോൾ തരൂരിൻറെ കൈയ്യിലല്ല എന്നത് ശരിയാണ്. എന്നാൽ മൂന്നിൽ നിറുത്താനുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായാൽ ഇതൊക്കെ തനിയെ വന്നു ചേരും.

2. ദേശീയ തലത്തിലെ പ്രതിപക്ഷ മുഖം?

കോൺഗ്രസിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് മറ്റു പ്രതിപക്ഷ പാർട്ടികൾ എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിലെ സംഭവവികാസങ്ങൾ ദേശീയ രാഷ്ട്രീയത്തെ കാര്യമായി ബാധിക്കും. അശോക് ഗലോട്ട് അദ്ധ്യക്ഷനായി വന്നാൽ കോൺഗ്രസിന് അനക്കമുണ്ടാക്കാൻ കഴിയും എന്ന പ്രതീക്ഷ പല പാർട്ടികൾക്കുമുണ്ടായിരുന്നു. സീതാറാം യെച്ചൂരി പോലുള്ള നേതാക്കൾക്കു പോലും ഗലോട്ട് വരുന്നത് കോൺഗ്രസിനെ സഹായിക്കും എന്ന നിലപാടുണ്ടായിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ കോൺഗ്രസിൽ പിന്നെ കണ്ട നാടകങ്ങളിൽ പാർട്ടിയിലെ ‘ആർഎസ്എസ് അനുകൂല ലോബി’ യുടെ ഇടപെടൽ പോലും മറ്റു പ്രതിപക്ഷ നേതാക്കൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പിനിടെയും ശേഷവും തരൂരിനെ ചില പ്രമുഖ നേതാക്കൾ വിളിച്ചു.

ദേശീയ തലത്തിൽ മോദിയെ നേരിടാനുള്ള മുഖമായി ശശി തരൂരിനെ ഇവർ കാണുന്നുണ്ട്. രാഹുൽ ഗാന്ധിയെക്കാൾ യുവ വോട്ടർമാരുടെ ഇടയിൽ തരംഗമുണ്ടാക്കാൻ തരൂരിന് കഴിയും എന്ന വിലയിരുത്തലുമുണ്ട്. മമത ബാനർജിക്കോ, അരവിന്ദ് കെജ്രിവാളിനോ, നിതീഷ് കുമാറിനോ, ശരദ് പവാറിനോ ശശി തരൂർ ഒരു ഭീഷണിയല്ല. ഇടതുപക്ഷത്തിനും സ്വീകാര്യൻ. അതുകൊണ്ട് തരൂരിനെ പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി അംഗീകരിക്കാൻ വലിയ തടസ്സമുണ്ടാകില്ല. ഹിന്ദി മേഖലയിൽ തരൂരിന് കാര്യമായ സ്വാധീനമില്ല എന്നത് കുറവാണ്. എന്നാൽ ബിജെപിയുടെ മധ്യവർഗ്ഗ വോട്ടർമാർക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും തരൂർ അനക്കമുണ്ടാക്കിയേക്കും. രാഹുൽ ഗാന്ധിയെ ഭാരത് ജോഡോ യാത്രയിലൂടെ മോദിവിരുദ്ധ ചേരിയുടെ മുഖമാക്കാൻ നോക്കുന്ന കോൺഗ്രസ് സമ്മതിക്കണമെന്ന് മാത്രം.

3. പാർട്ടിയിലും പാർലമെൻറിലും കൂടുതൽ ഉത്തരവാദിത്തം?

ശശി തരൂരിനെ ലോക്സഭയിലെ പാർട്ടി നേതാവാക്കണം എന്ന നിർദ്ദേശം നേരത്തെ ഉയർന്നതാണ്. എന്നാൽ അധിർരഞ്ജൻ ചൗധരിക്കാണ് അന്നു നറുക്ക് വീണത്. അതിൽ തരൂരിന് വലിയ അമർഷമുണ്ടായിരുന്നു. ജി 23 ഗ്രൂപ്പിനൊപ്പം ചേരാനുള്ള ഒരു കാരണവും ഇതാണ്. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്ക്കുന്ന രാഹുൽ ഗാന്ധിക്ക് ലോക്സഭ നേതൃസ്ഥാനം നല്കണം എന്ന ആവശ്യം ഖർഗയുടെ വിജയത്തിനായി നിന്ന നേതാക്കൾ ഇനി ഉന്നയിക്കും. പാർലമെൻറിൽ പാർട്ടിക്ക് അനക്കമുണ്ടാക്കാൻ തനിക്കാകും എന്ന സന്ദേശം തരൂർ ഈ മത്സരത്തിലൂടെ നല്കിയിട്ടുണ്ട്. അടുത്ത ഒന്നര വർഷത്തിൽ ലോക്സഭയിൽ നേതൃമാറ്റം ഉണ്ടെങ്കിൽ ആ സ്ഥാനം തരൂർ ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസിൽ മേഖല അടിസ്ഥാനത്തിൽ വർക്കിംഗ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ പരിഗണനയിലുണ്ട്. ലോക്സഭയിൽ മാറ്റമില്ലെങ്കിൽ സംഘടന തലത്തിൽ പ്രധാന സ്ഥാനങ്ങളിലൊന്ന് തരൂരിന് നല്കണം എന്ന ആവശ്യം കൂടെയുള്ളവർ ശക്തമാക്കാനാണ് സാധ്യത.

prashanth raghuvamsam writes about Shashi Tharoor In the wake of  congress president election

4 പാർട്ടിക്ക് പുറത്തേക്ക് പോകുമോ?

കോൺഗ്രസിൽ 1072 വോട്ട് പതിമൂന്ന് വർഷം മുൻപ് ‘ട്രെയിനി’ ആയി എത്തിയ തരൂർ നേടിയത് ചെറിയ കാര്യമല്ല. തരൂരിനോട് ഖർഗെയുടെ മനോഭാവം എന്തെന്ന് കാത്തിരുന്നു കാണണം. തരൂരിന് കിട്ടിയ പ്രചാരത്തിലും പ്രാധാന്യത്തിലും പല നേതാക്കൾക്കും അസംതൃപ്തിയുണ്ട്. അതൊക്കെ പല രീതിയിൽ പ്രകടമാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇപ്പോൾ സംഘടനയുടെ ഒരു ഭാഗമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് ശശി തരൂരിന് പുറത്തു പോകേണ്ട സാഹചര്യം ഇല്ല. അത് തരൂർ ആഗ്രഹിക്കുന്നുമില്ല. അങ്ങനെയൊരു സാഹചര്യം വരാതിരിക്കാനുള്ള ശ്രദ്ധ പ്രചാരണത്തിനിടയിലും തരൂർ കാട്ടുന്നുണ്ടായിരുന്നു.  എന്നാൽ രാഹുലിനും ഭീഷണിയായി തരൂർ ഉയരുകയാണെങ്കിൽ ഇപ്പോൾ നെഹ്റു കുടുംബം കാട്ടുന്ന സ്നേഹപ്രകടനം അതേപടി തുടരണമെന്നില്ല. തരൂരിന് അങ്ങനെ പുറത്തു പോകേണ്ടി വന്നാൽ ബിജെപി ഒരിടമല്ല. ബിജെപിയിലെ നിയന്ത്രണങ്ങളോട് ചേർന്നു പോകുക തരൂരിന് ദുഷ്ക്കരമാവും.  ഇടതുപക്ഷത്തോടൊപ്പം ചേർന്ന് സ്വതന്ത്രനായിട്ടാണെങ്കിലും തിരുവനന്തപുരം വിജയിച്ച് ദേശീയതലത്തിൽ സജീവമായി തുടരുക എന്നതാകും ഒരു പൊട്ടിത്തെറിയുണ്ടായാൽ തരൂരിനു മുന്നിലെ വഴി.

കടപ്പാട് : ഏഷ്യാനെറ്റ്

 

Top