തന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ അവകാശവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. തന്റെ ബന്ധുക്കൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്നാണ് തരൂരിന്റെ പ്രതികരണം. എല്ലാ പാർട്ടിയിൽ വിശ്വസിക്കുന്നവരും തന്റെ കുടുംബത്തിലുണ്ടെന്ന് ശശീ തരൂർ കൂട്ടിച്ചേർത്തു. അതേ സമയം തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന് വലിയ ആവേശത്തോടെ കൊട്ടി ഘോഷിച്ച ബിജെപി നേതൃത്വം വെട്ടിലായി. തങ്ങൾ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് മനസിലായില്ലെന്നും തരൂരിന്റെ മാതൃസഹോദരി മാധ്യമങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നു
കോൺഗ്രസിലെ മുതിർന്ന നേതാവ് ടോം വടക്കൻ ബിജെപിയിൽ എത്തിയതിന് പിന്നാലെ തിരുവനന്തപുരം എംപി ശശി തരൂരിന്റെ അടുത്ത ബന്ധുക്കളും ബിജെപിയിലേക്കെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യാപകമായി പ്രചാരണം നടത്തിയത്. തരൂരിന്റെ ബന്ധുക്കൾ ബിജെപി അംഗത്വം സ്വീകരിക്കാനെത്തുന്ന വിവരം മാധ്യമങ്ങളെയും നേരത്തെ വിളിച്ച് അറിയിച്ചിരുന്നു ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിവൽ നടന്ന ചടങ്ങിൽ ശശീ തരൂരിന്റെ ബന്ധുക്കളായ 10 പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങൾ കൂടുതൽ പ്രതികരണത്തിന് നിൽക്കാതെ വേഗം വേദി വിടുകയായിരുന്നു. തരം താണ പ്രവർത്തി ബിജെപിയുടേത് തരം താണ പ്രവർത്തിയാണെന്ന് ആരോപിച്ച് തരൂരിന്റെ ചെറിയമ്മ ശോഭനയും മകൻ ശരത്തുമാണ് രംഗത്തെത്തിയത്. ഒരു യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ച് വരുത്തിയതെന്നും പണ്ടെ ബിജെപിക്കാരായ തങ്ങൾക്ക് വേണ്ടി ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഇവർ പ്രതികരിച്ചു. മഹിളാ മോർച്ചാ നേതാവ് പത്മജ പറഞ്ഞിട്ടാണ് എത്തിയതെന്നും ഇവർ വ്യക്തമാക്കി.
എല്ലാ പാർട്ടിയിൽ അംഗങ്ങളായവരും തന്റെ കുടുംബത്തിൽ ഉണ്ടെന്നാണ് ശശി തരൂരിന്റെ പ്രതികരണം. സിപിഎം അനുഭാവികളായ ബന്ധുക്കളും തനിക്കുണ്ട്. തന്റെ പ്രവർത്തനത്തിൽ തെറ്റ് ചൂണ്ടിക്കാട്ടാൻ കഴിയാത്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും തരൂർ പറഞ്ഞു. ചടങ്ങിന്റെ ആവശ്യം എന്താണെന്ന് ശ്രീധരൻ പിള്ളയോട് ചോദിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.