മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കില്ല !!വി.പി.സാനുവിനെ പിന്തുണച്ച് മുൻ കെഎസ്‌യു നേതാവ് ജസ്ല മാടശ്ശേരി!!സൈബർ ആക്രമണം അഴിച്ചുവിട്ട് കുഞ്ഞാലിക്കുട്ടി ആരാധകർ!

കൊച്ചി:മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കില്ല എന്ന മുൻ കെഎസ്‌യു നേതാവ് !!മലപ്പുറത്ത് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി വി.പി.സാനുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കയാണ് മുൻ കെഎസ്‌യു നേതാവ് കൂടിയായ ജസ്ല മാടശ്ശേരി.മുസ്ലീം ലീഗിലെ ഏറ്റവും കരുത്തനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇത്തവണയും മലപ്പുറത്ത് മത്സരിക്കുന്നത്. സിപിഎമ്മിലെ ഇളംതലമുറക്കാരന്‍ വിപി സാനുവാണ് എതിരാളി. സാനുവിനെ പിന്തുണച്ചും കുഞ്ഞാലിക്കുട്ടിക്ക് എതിരെയും രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കെഎസ്യു നേതാവ് . പോസ്റ്റിന് പിന്നാല ജസ്ലയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

ഇത്തവണയും കുഞ്ഞാലിക്കുട്ടിയെ തന്നെ മത്സരത്തിന് ലീഗ് ഇറക്കിയിരിക്കുമ്പോള്‍ എല്‍ഡിഎഫിന് വിജയം എന്ന അമിത പ്രതീക്ഷയൊന്നുമില്ല. എന്നാല്‍ പരമാവധി വോട്ടുകള്‍ നേടുക എന്നതാണ് ഇടതിന്റെ ലക്ഷ്യം. വിപി സാനു തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുവതലമുറയ്ക്കാണ് തന്റെ പിന്തുണ എന്നും മലപ്പുറം ഇനിയും പച്ചയാകുന്നത് സഹിക്കാൻ വയ്യ എന്നുമാണ് ജസ്ലയുടെ പോസ്റ്റ്.

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് വേങ്ങര എംഎല്‍എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ എത്തിയത്. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ തന്നെ കുഞ്ഞാലിക്കുട്ടി തകര്‍പ്പന്‍ വിജയവും നേടി. 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കുഞ്ഞാലിക്കുട്ടി വിജയിച്ച് കയറിയത്.മലപ്പുറം മണ്ഡലത്തിൽ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 55.03 ശതമാനവും കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. കുഞ്ഞാലിക്കുട്ടി 5,15,330 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായ സിപിഎമ്മിന്റെ എംബി ഫൈസല്‍ 3,44,307 വോട്ടുകള്‍ നേടി. 2014ലേതിനേക്കാള്‍ 1 ലക്ഷത്തിലധികം വോട്ടുകള്‍ എല്‍ഡിഎഫിന് കൂടി.

ജസ്ല മാടശ്ശേരിയുടെ ഫെയിസ്ബുക്ക്  പോസ്റ്റ് :

”VP സാനു…. പ്രതീക്ഷയാണ്, മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ ആവട്ടെ.. കാലാകാലവും മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്. ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ..

കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല. കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട്. മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് നോട്ടയെ ശരണം പ്രാപിച്ചു.. ഇത്തവണ തീരുമാനം ഞാനും എന്‍റെ കൂട്ടുകാരും തിരുത്തുന്നു.

ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്.. യുവതകള്‍ കടന്ന് വരട്ടെ.. ഒപ്പം മാറ്റവും.. മലപ്പുറത്ത് LDF നൊപ്പം. കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. തോല്‍വിയായാലും വിജയമായാലും.. മാറ്റത്തിലേക്കൊരു ചുവടാവാന്‍ VP sanu വിന് കഴിയട്ടെ…

മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ. ഭൂരിപക്ഷം കുറക്കാനെങ്കിലും ആവും.. ഒരു മാറ്റത്തിന്‍റെ തലമുറ കൂടെയുണ്ട്” എന്നാണ് ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്. പിന്നാലെ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും അണികൾ ആക്രമണവുമായി രംഗത്ത് എത്തി.

ജസ്ലയുടെ പോസ്റ്റിന് താഴെ കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും പിന്തുണയുമായി അണികൾ പൊങ്കാലയിടുന്നുണ്ട്. അശ്ലീല ചുവയുളള കമന്റുകൾ അടക്കമാണ് പ്രതികരണങ്ങൾ. തന്റെ നേരെയുളള ആക്രമണത്തിന് പിന്നിൽ മുസ്ലീം ലീഗാണ് എന്ന് ജസ്ല മാടശ്ശേരി ആരോപിച്ചു. എന്നാൽ ആരോപണം ലീഗ് തളളി. ഇത്തരം കാര്യങ്ങൾ ലീഗ് ചെയ്യില്ല എന്നാണ് ജില്ലാ ജനറൽ സെക്രട്ടറി യുഎ ലത്തീഫിന്റെ പ്രതികരണം.

ഇതാദ്യമായല്ല ജസ്ല സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. നേരത്തെ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതിന്റെ പേരിലും ഇസ്ലാം പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയെ വിമര്‍ശിച്ചതിന്റെ പേരിലും ജസ്ല സോഷ്യല്‍ മീഡിയയില്‍ ക്രൂരമായി സൈബര്‍ ആക്രമണത്തിന് വിധേയയായിരുന്നു. വലിയ പിന്തുണയും ജസ്നയുടെ നിലപാടുകൾക്ക് ലഭിച്ചിരുന്നു.കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന ജസ്ലയെ കഴിഞ്ഞ വര്‍ഷമാണ് സംഘടനയില്‍ നിന്നും പുറത്താക്കിയത്. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ജസ്ലയെ പുറത്താക്കിയത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Latest
Widgets Magazine