കുടിവെള്ളത്തെ മദ്യമാക്കി തസ്‌ളീമ നസ്‌റിന്‍. എഴുത്തുകാരിയെ പ്രതിഷേധവും ട്രോളുകളും കൊണ്ട് മൂടി സൈബര്‍ ലോകം. ട്വിറ്ററില്‍ പോസ്റ്റുചെയ്ത ചിത്രത്തിന്റെ പേരിലാണ് എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരെ പ്രതിഷേധം ഉയരുന്നത്. വിമര്‍ശനങ്ങളായും ട്രോളുകളായും എഴുത്തുകാരിക്കെതിരെയുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രത്യക്ഷപ്പെടുകയാണ്.
ഒരു മുസ്ലീം പുരോഹിതന്‍ കാവിവേഷധാരിയായ ഒരാള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമാണ് തസ്ലീമ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വിസ്‌കിയെന്ന് തോന്നിക്കുന്ന ദ്രാവകം പക്ഷേ ഗ്ലാസിലേക്ക് പകര്‍ന്നുകഴിയുമ്പോള്‍ കാണുന്നത് തെളിഞ്ഞ നിറത്തില്‍ തന്നെയാണ്. ഇതാണ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.
വ്യാജവാര്‍ത്തകളും ചിത്രങ്ങളും വളെര വേഗത്തില്‍ കണ്ടുപിടിക്കുന്ന സോഷ്യല്‍ മീഡിയ ഹോക്‌സ് സ്ലേയര്‍ എന്ന വെബ്‌സൈറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തസ്ലീമ നസ്‌റിന്‍ ഫോട്ടോഷോപ് പരീക്ഷിച്ചു, വെള്ളം മദ്യമായി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. പുരോഹിതന്‍ വെള്ളം പകര്‍ന്നുകൊടുക്കുന്ന യഥാര്‍ഥ ചിത്രവും വെബ്‌സൈറ്റ് പുറത്തുവിട്ടു
ഇതേത്തുടര്‍ന്നാണ് തസ്ലീമയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായത്. ഇതാദ്യമായല്ല ട്വീറ്റുകളുടെ പേരില്‍ തസ്ലീമ വിവാദത്തിലാവുന്നത്. ലാസ് വേഗാസ് വെടിവെപ്പിന് പിന്നാലെയുള്ള ട്വീറ്റിനെത്തുടര്‍ന്നും തസ്ലീമ പുലിവാല് പിടിച്ചിരുന്നു.