കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരമാർശവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് വിമര്‍ശനം. മന്ത്രിയുടേത് കഴുത കണ്ണീരാണ്, ഗ്ലിസറിന്‍ തേച്ചാണ് ആരോഗ്യമന്ത്രി വന്ദനയുടെ മൃതദേഹത്തിന് സമീപത്ത് കരഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എസ് പി ഓഫീസ് മാര്‍ച്ചിലായിരുന്നു വിമര്‍ശനം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. കഴുതക്കണ്ണീരാണിത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും എം എല്‍ എ പറഞ്ഞു.
വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു ഡിസിസി നടത്തിയ മാർച്ചിന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരാൾ ഇങ്ങനെ പമ്മിപ്പമ്മി തൊഴുതോണ്ട് മാറി നിൽക്കുകയാണ്. ഞാൻ തലയുയർത്തി നോക്കിയപ്പോൾ വീണ ജോർജ് ആണ്. ഇങ്ങനെ രണ്ട് കൈയും കൂട്ടി തൊഴുകയാണ്. അവർ ഇങ്ങനെ കണ്ണിൽ കയ്യെടുത്ത് വെച്ചപ്പോൾ ഗ്ലിസറിൻ വച്ച് തന്നെയാണ് കണ്ണീർ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു.’ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.
ആ കേസ് ദുർബലപ്പെടുത്തുന്നതിനുള്ള പരസ്യപ്രസ്താവന നടത്തിയിട്ട്, ശേഷം അച്ഛന്റെയും അമ്മയുടെയും മുന്നിൽ കണ്ണീര് കാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ. അതാണ് കഴുത കണ്ണീർ എന്ന് പച്ചമലയാളത്തിൽ ജനങ്ങൾ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡി സി സി അധ്യക്ഷന്‍ നാട്ടകം സുരേഷും മന്ത്രിക്കെതിരെ രംഗത്ത് വന്നു. മന്ത്രി വീണാജോർജിന്റെത് നാണം കെട്ട നിലപാടാണെന്നായിരുന്നു ഡി സി സി പ്രസിഡന്റിന്റെ ആരോപണം.
ആരോഗ്യമന്ത്രി ഇന്നലെ വീട്ടിൽ വന്നിട്ട് നിൽക്കുന്നു. കരയുന്നു. ഉമ്മ വെക്കുന്നു. നാണംകെട്ടവളെ… നാണംകെട്ടവളേ… നാണം ഉണ്ടോ…’ നാട്ടകം സുരേഷ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം, ഡി വൈ എഫ് ഐ നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.