തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശനം റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാത്തതിനാല്‍ ചടങ്ങ് റദ്ദാക്കുകയാണെന്ന് ജേക്കബ് തോമസ് തന്നെയാണ് അറിയിച്ചത്. ഇനി പുസ്തകം പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നാണ് ജേക്കബ് തോമസ് അറിയിച്ചത്. പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്‌ട്രീയത്തിലെ ഉന്നതര്‍ക്കെതിരേ ആഞ്ഞടിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം എന്നാണ് വിവരം. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പെട്ടന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. ചടങ്ങില്‍ സംബന്ധിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കാട്ടിയായിരുന്നു കത്ത്.എന്നാല്‍ കത്തിനേത്തുടര്‍ന്നാണോ മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്ന് വ്യക്തമല്ല.
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആർ. ബാലകൃഷ്ണപിള്ള, സി. ദിവാകരൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് ജേക്കബ് തോമസ് വിമർശിക്കുന്നുണ്ട്. മദനിയുടെ അറസ്റ്റു മുതൽ ബാർകോഴആരോപണവും പാറ്റൂർ കേസും വരെയുള്ള വിവാദങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാർകോഴ കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചവർ കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നാണ് ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും ആത്മകഥയിലുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായി കാണാൻ താൻ ആഗ്രഹിച്ചിരുന്നതായും ജേക്കബ് തോമസ് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. 31 വർഷത്തെ സർവീസ് ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും സപ്ലൈകോ സിഎംഡിയായിരുന്ന കാലത്തെ സംഭവങ്ങളുമാണ് പുസ്തകത്തിൽ കൂടതലും വിവരിച്ചിരിക്കുന്നത്.