തൃശൂര്‍ പൂരത്തിനുമേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങി; പൂരങ്ങളുടെ പൂരത്തിന് ഇന്ന് തുടക്കം

Thrissur_Pooram

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം വേണ്ടെന്ന് കോടതി പറഞ്ഞതോടെ തൃശൂര്‍ പൂരം ഇത്തവണയും ഗംഭീരമായി നടക്കും. ലോകപ്രശസ്തമായ തൃശൂര്‍ പൂരം കാണാന്‍ ക്ഷേത്ര സന്നിധിയില്‍ ജനലക്ഷങ്ങളാണ് തടിച്ചു കൂടുന്നത്. നാദതാളങ്ങളുടെയും വര്‍ണമേളങ്ങളുടെയും കാഴ്ചകളൊരുക്കി അരങ്ങേറുന്ന തൃശൂര്‍ പൂരം ഇത്തവണയും വിസ്മയകരമാകും.

പൂരത്തിന്റെ ഔപചാരികമായ ചടങ്ങുകള്‍ക്ക് ഇന്നലെ തുടക്കമായിരുന്നു. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെഗോപുര നട തുറന്നതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. രാവിലെ എട്ടുമണിയോടെ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളിപ്പ് ആരംഭിച്ചു. പതിനൊന്നുമണിയ്ക്ക് തെക്കെഗോപുരനട തുറന്ന് പൂരത്തിന്റെ വരവറിയിച്ച് ഭഗവതി തെക്കോട്ടിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമേ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കെഗോപുരനട തുറക്കൂ, ശിവരാത്രിയ്ക്കും പൂരത്തിനും. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന് തുടക്കമായത്. 11 മണിയോടെ അന്നമനട പരമേശ്വരമാരാര്‍ നയിക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് ഒന്നരയോടെ ഇലഞ്ഞിത്തറ മേളവും ആരംഭിക്കും. വൈകിട്ട് അഞ്ചു മണിക്കാണ് കുടമാറ്റം. പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്.

കാലത്ത് മുതല്‍ ഘടകക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളുടെ വരവായിരുന്നു ക്ഷേത്രത്തിലേക്ക്. ആയിരക്കണക്കിന് ആള്‍ക്കാരാണ് പൂരം കാണാന്‍ കാലത്ത് തന്നെ ക്ഷേത്രത്തില്‍ എത്തിയിട്ടുള്ളത്. എഴുനൂറോളം കലാകാരന്മാരും നൂറോളം ആനകളും പങ്കെടുക്കുന്ന പൂരത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Top