ദില്ലി: കപില്‍ മിശ്ര അടക്കം വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ഈ ഘട്ടത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ദില്ലി പോലീസ്. ബി.ജെ.പി നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കേണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇപ്പോൾ മുൻഗണന നൽകേണ്ടത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനാണെന്നും കോടതിക്ക് മുൻപിലായി എത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകൾ ഗൂഢോദ്ദേശ്യത്തോട് കൂടി ഉള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് മേത്ത ബി.ജെ.പി നേതാക്കൾക്കെതിരെ ഇപ്പോൾ കേസ് എടുക്കേണ്ട എന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ കേസെടുക്കുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്നും മേത്ത കോടതിയിൽ പറഞ്ഞു. ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് കാട്ടി കോടതിയിൽ സമർപ്പിക്കപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഈ സമയത്ത് കേസെടുക്കുന്നത് ദില്ലിയില്‍ സമാധാനം ഉറപ്പാക്കാന്‍ ഒരു തരത്തിലും സഹായിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയെ അറിയിച്ചു. വടക്ക്- കിഴക്കന്‍ ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായും ദില്ലി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെയാണ് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കപില്‍ മിശ്രയടക്കമുളളവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദില്ലി പോലീസിനോട് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ബിജെപി നേതാക്കളെ രക്ഷിക്കുന്ന നീക്കമാണ് ദില്ലി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയ ആര്‍ക്കുമെതിരെയും ഇ്‌പ്പോള്‍ കേസെടുക്കുന്നില്ലെന്നും ഈ ഘട്ടത്തില്‍ അത്തരമൊരു നടപടി സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും ദില്ലി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ദില്ലി പോലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹൈക്കോടതിക്ക് മുന്നില്‍ ഹാജരായത്. ഹര്‍ജിക്കാരന്‍ അദ്ദേഹത്തിന് തോന്നിയ മൂന്ന് പ്രസംഗങ്ങള്‍ മാത്രമാണ് വിദ്വേഷ പ്രസംഗങ്ങള്‍ എന്നാരോപിച്ച് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലിയില്‍ നടന്നിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
ദില്ലിയില്‍ അറസ്റ്റിലായ 106 പേര്‍ പ്രദേശവാസികളെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും ദില്ലി പോലീസ് വ്യക്തമാക്കി. ദില്ലിയിലേക്ക് ഈ ദിവസങ്ങളിൽ പുറത്ത് നിന്നും എത്തിയവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവരെ തിരിച്ചറിയാനുളള അന്വേഷണം നടക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
കേസില്‍ കേന്ദ്ര സര്‍ക്കാരിനേയും ദില്ലി കോടതി കക്ഷി ചേര്‍ത്തു. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമോ വേണ്ടയോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി 4 ആഴ്ചത്തെ സമയം നല്‍കി. കേസ് ഇനി കോടതി ഏപ്രില്‍ 13ന് പരിഗണിക്കും. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടി വൈകരുതെന്ന് കഴിഞ്ഞ ദിവസം പോലീസിനോട് നിര്‍ദേശിച്ചിരുന്നു.