ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ന്റെ ജയന്തി ആഘോഷങ്ങളെ സംബന്ധിച്ച് വിവാദം കത്തിനില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം. വിധാന്‍ സഭയുടെ 60-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത നിയമസഭ സമ്മേളനത്തിലാണ് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിനെ പ്രകീര്‍ത്തിച്ച് രാംനാഥ് കോവിന്ദ് സംസാരിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം വരിച്ച വ്യക്തിയായിരുന്നു ടിപ്പു. യുദ്ധത്തില്‍ മൈസൂര്‍ റോക്കറ്റുകള്‍ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നു. വൈവിധ്യങ്ങളുടെ നാടായിരുന്നു കര്‍ണാടക. ജൈന-ബുദ്ധ സംസ്‌കാരം നിലനിന്ന നാട്. ഇവിടത്തെ ശൃംഗേരിയിലാണ് ആദിശങ്കരാചാര്യര്‍ മഠം സ്ഥാപിച്ചത്. ഗുല്‍ബര്‍ഗയിലാണ് സൂഫി സംസ്‌ക്കാരം വളര്‍ച്ച പ്രാപിച്ചത്. ബസവാചാര്യയുടെ കീഴില്‍ ലിംഗായത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചത് ഇവിടെയായിരുന്നു എന്നും കോവിന്ദ് പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷങ്ങളില്‍ തന്നെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ടിപ്പു നൂറുകണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളെ മറ്റ് ബി.ജെ.പി എം.പി മാരും എതിര്‍ത്തിരുന്നു.