തിരുവനന്തപുരം: കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ച ആലപ്പുഴ പാണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചുകളയണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാറിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനകീയ അന്വേഷണ സമിതി ജനറല്‍ കണ്‍വീനര്‍ തമ്മനം സ്വദേശി ടി.എന്‍ പ്രതാപനാണ് വി.എസിന് കത്തയച്ചത്. ഈ കത്ത് കൊടുങ്ങല്ലൂര്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റേതാക്കിയാണ് ഓഫീസിന് അമളി പിണഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എ സര്‍ക്കാറിനെതിരെ തന്റെ സഹായം തേടിയെന്ന പേരില്‍ വി.എസ് ഈ കത്തിനെ ആയുധവുമാക്കി.
കോണ്‍ഗ്രസ് എം.എല്‍.എ സര്‍ക്കാറിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് തനിക്ക് കത്ത് നല്‍കിയത് നിലവിലുള്ള പൊതുസ്ഥിതിയുടെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി വി.എസ് പ്രസ്താവനയുമിറക്കി. എന്നാല്‍, പ്രതിപക്ഷ നേതാവിന് ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്ന് ടി.എന്‍ പ്രതാപന്‍ ചാനലുകളിലൂടെ പ്രതികരിച്ചെങ്കിലും ഇതംഗീകരിക്കാന്‍ ആദ്യം വി.എസിന്റെ ഓഫീസ് തയാറായില്ല. പകരം കത്തിന്റെ പകപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ കത്ത് താന്‍ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി തമ്മനം സ്വദേശി ടി.എന്‍ പ്രതാപന്‍ രംഗത്തെത്തിയതോടെയാണ് തങ്ങള്‍ക്കാണ് പിശക് സംഭവിച്ചതെന്ന് വി.എസിന്റെ ഓഫീസിന് മനസിലായത്. തുടര്‍ന്ന് ആദ്യം അയച്ച പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വി.എസിന്റെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.
സര്‍ക്കാറിനെതിരെ തനിക്ക് പ്രതാപന്‍ കത്ത് നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇന്നലെ വൈകിട്ടോടെയായിരുന്നു മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇത് നിഷേധിച്ച് ടി.എന്‍ പ്രതാപന്‍ രംഗത്തെത്തി. ഇതിനുപിന്നാലെ പ്രതാപന്‍ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു. കൊച്ചി തമ്മനം അഞ്ചുമുറി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനകീയ അന്വേഷണ സമിതിയുടെ പേരിലായിരുന്നു കത്ത്. ജനറല്‍ സെക്രട്ടറി ടി.എന്‍ പ്രതാപന്റെ ഒപ്പും കത്തിലുണ്ട്. എന്നാല്‍ ഇത് വേറെ പ്രതാപന്‍ ആണെന്ന് മനസിലാക്കാന്‍ കഴിയാത്തതാണ് അബദ്ധത്തിന് വഴിവെച്ചത്.
റിസോര്‍ട്ട് പ്രശ്‌നത്തില്‍ ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലനില്‍പ്പിനായി വിവിധ ടി.വി ചാനലുകളിലടക്കം നിരന്തരം വാദിച്ചുപോരുന്ന ടി.എന്‍ പ്രതാപന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വി.എസ് പറഞ്ഞു. പണം വാങ്ങി റിസോര്‍ട്ട് മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിയമവിരുദ്ധ ഇടപെടലുകള്‍ വഴി അനുമതി നല്‍കുന്ന സര്‍ക്കാറിന്റെ നീക്കം അടിയന്തരമായി ഉപേക്ഷിക്കണം. നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിച്ചാല്‍ കോടതിയിലൂടെയും ജനകീയ പ്രക്ഷോഭത്തിലൂടെയും സര്‍ക്കാറിനെ നിലയ്ക്ക് നിര്‍ത്താന്‍ ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും വി.എസ് പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ഇക്കാലം വരെ താന്‍ വി.എസിനോ, വി.എസ് തനിക്കോ യാതൊരുവിധത്തിലുള്ള കത്തും അയച്ചിട്ടില്ലെന്നും വി.എസിന്റെ ഓഫീസ് കുറച്ചുകൂടി ഉത്തരവാദിത്വപരമായി പ്രവര്‍ത്തിക്കേണ്ടിയിരുന്നുവെന്നും ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പ്രതികരിച്ചു.