ഓരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം..ടി.എൻ.ശേഷൻ: വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മുഖംനോക്കാത്ത നടപടികൾ..തൊട്ടതെല്ലാം വിവാദം

കൊച്ചി:1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്സ്തമായ മഗ്സസെ പുരസ്കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണ‍‍ർ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓ‍ർമ്മിക്കുക.

1990 മുതൽ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സ‍ർക്കാ‍ർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.

ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി നിയമിച്ചത്. താൻ നിയമിതനായി ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽത്തന്നെ ശേഷൻ ‘തനിനിറം’ കാട്ടി. പഞ്ചാബിലെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനു തൊട്ടുമുൻപേ റദ്ദാക്കിക്കൊണ്ടായിരുന്നു അത്. തിരഞ്ഞെടുപ്പുചെലവിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 1993ൽ 1488 ലോക്സഭാ സ്ഥാനാർഥികളെയാണ് ശേഷൻ അയോഗ്യരാക്കിയത്.


തിരഞ്ഞെടുപ്പു നിരീക്ഷകരെ നിയമിക്കേണ്ടത് കമ്മിഷനാണെന്നു ശഠിച്ചും തിരഞ്ഞെടുപ്പു ജോലിക്കു വിസമ്മതിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്തും ശേഷൻ വാർത്ത സൃഷ്ടിച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയർന്നു. പാർലമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഒടുവിൽ കോൺഗ്രസ് പിൻവാങ്ങിയതിനാൽ അതു നടക്കാതെപോയി. തിരഞ്ഞെടുപ്പു കമ്മിഷണർക്ക് സുപ്രീംകോടതി ജ‍ഡ്ജിക്കു തുല്യമായ പദവി വേണമെന്നാവശ്യപ്പെട്ട് ശേഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചതും വിവാദമായി.

പ്രണബ് മുഖർജിക്കു കേന്ദ്രമന്ത്രിസഭയിൽ ചേരാൻ യോഗ്യത നൽകുമായിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പു നീട്ടിവച്ചപ്പോൾ പ്രധാനമന്ത്രി നരസിംഹറാവു ശേഷനോട് ഇടഞ്ഞു. ശേഷന്റെ അപ്രമാദിത്തം അവസാനിപ്പിക്കാൻ 1993 ഒക്ടോബർ ഒന്നിന് നരസിംഹറാവു മറ്റു രണ്ടുപേരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിച്ചു. എം.എസ്. ഗില്ലിനെയും ജി.വി.ജി. കൃഷ്‌ണമൂർത്തിയെയും. ഇതിനെതിരെ ശേഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം മദ്രാസിൽ എൻജിനീയറിങ്ങിനു ചേരാൻ ശ്രമിച്ചങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടതിനാൽ പ്രവേശനം ലഭിച്ചില്ല. അഭിമുഖത്തിൽ ശിവാജി ഗണേശനെക്കുറിച്ചാണു ചോദിച്ചതെന്നും തനിക്കു മറുപടി പറയാനായില്ലെന്നും ഇതെക്കുറിച്ച് ശേഷൻ പറഞ്ഞിട്ടുണ്ട്. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി. </p>

ജ്യേഷ്ഠൻ ലക്ഷ്മിനാരായണന്റെ പാത പിന്തുടർന്നാണ് സിവിൽ സർവീസിൽ ചേരാൻ തീരുമാനിച്ചത്. 1952ൽ ബിരുദം നേടിയപ്പോൾ വയസ്സ് പത്തൊൻപതേ ആയുള്ളൂ. 1952 മുതൽ 1955 വരെ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരുന്നു. 1955ൽ രണ്ടാം റാങ്കോടെ ഐഎഎസ് നേടി. 1967ൽ ഹാർവഡ് സർവകലാ ശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടി. ശേഷൻ ഉപരിപഠത്തിനായി എത്തിയപ്പോൾ ഡോ.സുബ്രഹ്മണ്യം സ്വാമി അവിടെ അധ്യാപകനായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷണറാകും മുൻപു തന്നെ നിശ്ചയദാർഢ്യവും ധീരതയും പകിട്ടുചാർത്തിയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി അദ്ദേഹം. മധുരയിൽ കലക്ടറായിരിക്കുന്ന സമയം. തമിഴ്നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുകയാണ്. കലാപം രൂക്ഷമായപ്പോൾ ശേഷൻ പോലീസിനു വെടിവയ്ക്കാൻ അനുമതി നൽകി. ‘ഓരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം’ എന്നതായിരുന്നു ശേഷന്റെ ഉത്തരവ്. ഇതോടെ മധുരയിലെ സ്ഥിതി ശാന്തമായി. പിന്നീടു തമിഴ്നാട് ട്രാൻസ്പോർട് ഡയറക്ടറായിരിക്കെ, ഒരു ഡ്രൈവർ ശേഷനെ ചോദ്യം ചെയ്തു. ബസ് ഓടിക്കാനറിയാത്ത താങ്കൾക്ക് എങ്ങനെയാണ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാവുക?

ആ വെല്ലുവിളി ഏറ്റെടുത്ത ശേഷൻ നേരെപോയത് വർക് ഷോപ്പിലേക്ക്. ഡ്രൈവിങ് മാത്രമല്ല അറ്റകുറ്റപണികളും പഠിച്ച അദ്ദേഹം യാത്രക്കാരുമായി ചെന്നൈ നഗരത്തിലൂടെ ബസ് ഓടിച്ചാണു വിമർശകരുടെ വായടപ്പിച്ചത്.പാലക്കാട് ബിഇഎം സ്കൂളിൽ സഹപാഠികളായിരുന്നു ശേഷനും ഇ. ശ്രീധരനും. ശ്രീധരൻ സ്കൂളിൽ ചേരുംവരെ ക്ലാസിൽ ഒന്നാം സ്ഥാനം ശേഷനായിരുന്നു. ശ്രീധരൻ എത്തിയതോടെ ശേഷൻ രണ്ടാമനായി. പഠനത്തിനൊപ്പം സ്പോർട്സിലും മികവു പുലർത്തിയ ശ്രീധരനോട് ചെറിയ അസൂയ തനിക്കുണ്ടായിരുന്നുവെന്ന് ശേഷൻ പിന്നീട് പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ ശ്രീധരനെക്കാൾ ഒരു മാർക്ക് കൂടുതൽ നേടി ശേഷൻ വാശിതീർത്തു.

വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി എൻ ശേഷൻ. രാഷ്ട്രീയ പാ‍ർട്ടികളോടും നേതാക്കളോടും നേർക്കു നേർ ഏറ്റുമുട്ടാൻ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാ‍ർട്ടികളെ കൊണ്ട് അത് അണുവിടാതെ അനുസരിപ്പിക്കാനും പോന്ന ഗാംഭീര്യം തെരഞ്ഞെടുപ്പ് ഓഫീസിന് സമ്മാനിച്ചത് ടിഎൻ ശേഷനെന്ന തലയെടുപ്പാ‍ർന്ന നേതാവായിരുന്നു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ കാറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ടി എൻ ശേഷൻ നട്ടെല്ല് നിവ‍ർത്തി നിന്നു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ശേഷൻ കൊണ്ടു വന്ന ചില പരിഷ്കാരങ്ങൾ ഇവയൊക്കെയാണ്.

മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct)
അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നൽകി
നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി.
സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് .

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ , തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എൻ ശേഷൻ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുൻപ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നു. ആ പദവിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചരിത്രം എന്നും ഓർമ്മിക്കുന്ന പ്രവ‍ർത്തനങ്ങൾ ടി എൻ ശേഷൻ എന്ന പാലക്കാട്ടുകാരന് കാഴ്ച വയ്ക്കാനായി.1936ൽ പാലക്കാട്ടെ തിരുനെല്ലായിയിൽ ആയിരുന്നു ടി എൻ ശേഷൻ ജനിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാ‍ർവാർഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ മറ്റ് പദവികളിലും മികച്ച സേവനം കാഴ്ച വച്ച ടി എൻ ശേഷന് 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാത്രമാണ് തിരിച്ചടി നേരിട്ടത്. കെ ആർ നാരാണയണനുമായുള്ള മത്സരത്തിൽ തോറ്റതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.

Top