തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തില്‍ വഴിവിട്ട പല നിലപാടുകളും സ്വീകരിച്ച് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് ടെമി ജെ. തച്ചങ്കരി. അവസാനമായി വഹിച്ചിരുന്ന കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തച്ചങ്കരി തെറിച്ചിരിക്കുകയാണ്. തെറിച്ചത് വെറുതെയല്ല മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജയരാജന്‍രെ അന്വേഷണത്തിലാണ് തച്ചങ്കരിക്ക് പിടിവീണത്. അച്ചടി വകുപ്പിലെ പല പ്രശ്‌നങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചങ്കിലും തച്ചങ്കരി ഇതുവരെയും കുലുക്കമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍, അച്ചടിവകുപ്പിന്റെ ചുമതലക്കാരനായ തനിക്കു തന്നെ ഇതു കുരുക്കാകുമെന്ന സൂചന കിട്ടിയപ്പോള്‍ മുഖ്യമന്ത്രി തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണം ഏല്‍പിച്ചു.
പിണറായി വിജയന്റെ അതിവിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. വളരെ കാലമായി സിപിഎമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡിജിപി. ഫയര്‍ഫോഴ്സ് മേധാവിയായി തച്ചങ്കരിയെ മാറ്റുന്നതിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് നിര്‍ണ്ണായക ചുമതലയിലായിരുന്നു അദ്ദേഹം. ടിപി സെന്‍കുമാര്‍ ഡിജിപിയായി വീണ്ടുമെത്തിയപ്പോള്‍ പൊലീസ് ആസ്ഥാനത്തെ സര്‍ക്കാരിന്റെ അതിവിശ്വസ്തന്‍. വിവാദങ്ങള്‍ ഏറെ ഉണ്ടാക്കിയ തച്ചങ്കരി അഴിതമി വിരുദ്ധ പ്രതിച്ഛായയുമായാണ് രണ്ടാം വരവില്‍ കത്തികയറിയത്. മാര്‍ക്കറ്റ് ഫെഡിലും ഗതാഗത കമ്മീഷണര്‍ പദവിയിലും നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ വീണ്ടും അഴിമതിയുടെ നിഴലില്‍ തച്ചങ്കരി എത്തുന്നു.
കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ടോമിന്‍ ജെ.തച്ചങ്കരി തെറിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ അന്വേഷണത്തിനൊടുവിലാണ്. ആരോപണങ്ങളില്‍ വ്യക്തതയുണ്ടെങ്കില്‍ തച്ചങ്കരിയെ കൈവിടാനുറച്ചാണ് ജയരാജനെ അന്വേഷണത്തിന് പിണറായി വിട്ടത്. ഇതാണ് തച്ചങ്കരിക്ക് തിരിച്ചടിയായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരനായ ജയരാജന്റെ കണ്ടെത്തലുകളെ പിണറായി അംഗീകരിക്കുകയും ചെയ്തു. നളിനി നെറ്റോയുടെ നിലപാടും ഇക്കാര്യത്തില്‍ അതിനിര്‍ണ്ണായകമായി.
കെബിപിഎസിലെ സിഐടിയു യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ചു മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ആദ്യം അദ്ദേഹമതത്ര കാര്യമാക്കിയില്ല. എന്നാല്‍, അച്ചടിവകുപ്പിന്റെ ചുമതലക്കാരനായ തനിക്കു തന്നെ ഇതു കുരുക്കാകുമെന്ന സൂചന കിട്ടിയപ്പോള്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണം ഏല്‍പിച്ചു. ഇതോടെയാണ് തച്ചങ്കരിക്ക് കഷ്ടകാലം തുടങ്ങുന്നത്. പിന്നെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ എംവി ജയരാജനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
നളിനി നെറ്റോയും പ്രസ് സന്ദര്‍ശിച്ചശേഷമാണ് കുഴപ്പങ്ങളുണ്ടെന്നു കണ്ടെത്തിയത്. ഇതില്‍ തൃപ്തി വരാതെയാണു ജയരാജനെ പിണറായി അയച്ചത്. സി.പി.എം കളമശേരി ഏരിയാ സെക്രട്ടറിയും കെബിപിഎസിലെ സിഐടിയു യൂണിയന്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്‍ പോലും ജയരാജന്റെ കെബിപിഎസ് സന്ദര്‍ശനം അറിഞ്ഞില്ല. പാഠപുസ്തകങ്ങള്‍ അച്ചടിച്ചതു നിലവാരമില്ലാത്ത കടലാസിലാണെന്നു പരാതിയുണ്ടെന്നു ജയരാജന്‍ ജീവനക്കാരെ അറിയിച്ചു. അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിനെക്കുറിച്ചും ലോട്ടറി അച്ചടിയിലെ ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടിയുടെ മെഷീനാണു വാങ്ങിയത്. ഗുണമേന്മയില്ലെന്നു പറഞ്ഞു മണിപ്പാലിലെ ഒരു പ്രസ് മടക്കിവിട്ട മെഷീനാണിത്.
നമ്പര്‍ ഇടുന്ന ജോലിക്കു മെഷീന്‍ നിര്‍മ്മാണക്കമ്പനിക്കു തുക നല്‍കുന്ന വിചിത്രമായ കരാറും ഉണ്ടാക്കി. ഒരു ടിക്കറ്റിന് മൂന്നു പൈസയാണു നിരക്ക്. ദിവസം 94 ലക്ഷം ടിക്കറ്റ് അച്ചടിക്കുന്നുണ്ട്. എന്നാല്‍, അച്ചടിയും നമ്പറിടലും ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്ന മറ്റൊരു കരാറുകാരന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പേപ്പര്‍ മാത്രം കെബിപിഎസ് നല്‍കും. ഒരു ടിക്കറ്റിന് നാലു പൈസ ഈ കരാറുകാരനു നല്‍കുന്നു. നമ്പറിങ് മെഷീന്‍ വാങ്ങിയ കമ്പനിക്കുള്ള തുക അതതു ദിവസം നല്‍കുമ്പോള്‍, നാലു പൈസയ്ക്കു നമ്പറിട്ടു ലോട്ടറി അച്ചടിച്ചു നല്‍കുന്ന കരാറുകാരന് 1.32 കോടി രൂപ കുടിശികയാണ്. ഇതും ജയരാജന്‍ നേരിട്ട് മനസ്സിലാക്കി. ഇതോടെ തച്ചങ്കരിയക്ക് കുരുക്ക് മുറുകി. മനസ്സിലാക്കിയത് അതുപോലെ പിണറായിയുടെ കാതുകളിലും എത്തി. അങ്ങനെയാണ് വിശ്വസ്തനെ പിണറായി കൈവിട്ടത്. ഒന്നും സര്‍ക്കാര്‍ അറിയാത്തതാണ് പിണറായിയെ പ്രകോപിതനാക്കിയത്.
ചൈനീസ് കമ്പനിയുടേതുള്‍പ്പെടെ 18 കോടിയുടെ അച്ചടിയന്ത്രങ്ങള്‍ ഈയിടെ കെബിപിഎസില്‍ വാങ്ങിയിരുന്നു. ഇതിനു സര്‍ക്കാരിന്റെ അനുമതി തേടിയില്ല. ജര്‍മനിയില്‍ നടന്ന അച്ചടി പ്രദര്‍ശനമായ ലേബല്‍ എക്സ്പോയില്‍ പങ്കെടുത്ത തച്ചങ്കരി ഒരു കമ്പനിയില്‍നിന്ന് അച്ചടിയന്ത്രം വാങ്ങാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ചില സിഐടിയു നേതാക്കളാണു മുഖ്യമന്ത്രിക്കു മുന്നറിയിപ്പ് നല്‍കിയത്. തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ സ്വയം ആവശ്യപ്പെട്ടത് പ്രകാരമാണ് തന്നെ കെബിപിഎസിലെ എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നാണ് തച്ചങ്കരി പറയുന്നത്.