ഇര്‍ബില്‍ : ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നിയമങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവര്‍ക്കും ഖിലാഫത്ത് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെയും സഹിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഉപദ്രവങ്ങള്‍, തൂക്കിലേറ്റല്‍, തലയറുക്കല്‍ തുടങ്ങിയ എല്ലാത്തിനും ബന്ദികളായവര്‍ വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന് രക്ഷപെട്ടവര്‍ വെളിപ്പെടുത്തുന്നു.രക്തം മരവിപ്പിക്കുന്ന ഓര്‍മകളുമായി ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടവര്‍ മാധ്യമങ്ങളോടെ വെളിപ്പെടുത്തി.അതിലൊരാളാണ് സാദ് ഖലാഫ് അലി .ഐ.എസിന്റെ ക്രൂരമായ പല ശിക്ഷകളില്‍ നിന്നും രക്ഷപെട്ടുനില്‍ക്കാന്‍ സാദിന് കഴിഞ്ഞിരുന്നുവെങ്കിലും തന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന ഭീഷണിക്കു മുന്‍പില്‍ തകര്‍ന്നു നില്‍ക്കാനേ സാധിച്ചുള്ളൂവെന്നു പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ താവളങ്ങളെപ്പറ്റി കുര്‍ദുകള്‍ക്കും ഇറാഖി സേനയ്ക്കും വിവരം നല്‍കിയിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിര്‍ത്തി വെടിവയ്ക്കുകയോ തലവെട്ടുകയോ ചെയ്യുന്ന കുറ്റമാണിത്. ഇതെപ്പറ്റി എല്ലാം തന്നെ ഞാന്‍ അവരോട് തുറന്നു പറഞ്ഞു. എന്നെ വധിശിക്ഷയ്ക്കായി വിധിക്കുകയായിരുന്നു ജഡ്ജി. കുര്‍ദിഷ് സൈന്യവും യുഎസ് സുരക്ഷ സേനയും രക്ഷയ്ക്കായി എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ രക്ഷപെടുമായിരുന്നില്ല – സാദ് പറയുന്നു. സാദും ബന്ദികളായിരുന്ന മറ്റ് 68 പേരെയും സൈന്യം അന്ന് രക്ഷപെടുത്തിയിരുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ സാദ് ഖലാഫ് അലിയുടെ മനസ്സില്‍ അവസാനമായി പതിഞ്ഞ ചിത്രം തന്റെ രണ്ടു ഭാര്യമാരെയും മക്കളെയും ഒരു പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ശ്വാസംമുട്ടിച്ച നിലയില്‍ കാണിച്ചതാണ്. അതോടെ എല്ലാം ഇരുട്ടിലായതുപോലെ തോന്നി. ശരീരത്തിലൂടെ കയറ്റിവിട്ട വൈദ്യുതതരംഗങ്ങള്‍ ജീവന്റെ തുടിപ്പ് തന്നില്‍ അവശേഷിക്കുന്നുണ്ടെന്നതിന്റെ തെളിവ് നല്‍കി. വടക്കന്‍ ഇറാഖിലെ ഒരു ജയിലിനുള്ളില്‍ തണുത്ത വെള്ളത്തില്‍ ശ്വാസത്തിനായി പിടയുകയായിരുന്നുവെന്നും സാദ് ഓര്‍ത്തെടുക്കുന്നു.
വെളിച്ചം കടക്കാത്ത ചെറിയ മുറിയില്‍ 38 പേരോളമാണ് കഴിഞ്ഞിരുന്നത്. ദിവസം അഞ്ചുനേരം നിസ്ക്കരിക്കണം. നിശബ്ദരായി ഇരിക്കണം. മുസ്‌ലിം വിശ്വാസപാഠങ്ങള്‍ വായിക്കണം. ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, തക്കാളി തുടങ്ങിയവയായിരുന്നു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിലപ്പോഴോക്കെ ഇവരില്‍ ഒരാള്‍ ഒരു ശോകഗാനം മൂളുമായിരുന്നു. ഇത് ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നുവെന്നു ഐഎസിന്റെ പിടിയില്‍നിന്നും രക്ഷപെട്ട അഹമ്മദ് മഹമ്മൂദ് മുസ്തഫ പറയുന്നു. ബന്ദികളുടെ ഓരോ ചലനങ്ങളും മനസ്സിലാക്കാന്‍ മുറിക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ചിലപ്പോള്‍ ബന്ദികളുടെ തലയറുക്കുന്നത് തല്‍സമയം കാണിക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നു കാഴ്ച തിരിച്ചിരുന്ന ഒരാളെ അവര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും അഹമ്മദ് പറഞ്ഞു.
ഐഎസിന്റെ പിടിയില്‍ നിന്നും തങ്ങളെ രക്ഷപെടുത്തുന്നതിനെത്തിയ സൈനികര്‍ നിങ്ങള്‍ കുര്‍ദുകളാണോ എന്ന ചോദ്യമാണ് ഞങ്ങളോട് ചോദിച്ചിരുന്നത്. കുര്‍ദുകളല്ലെന്നും അറബുകളാണെന്നും ഞങ്ങള്‍ മറുപടി നല്‍കി. പേടിക്കേണ്ടെന്നും അമേരിക്കന്‍ സൈനികര്‍ക്കൊപ്പം നിങ്ങളെ രക്ഷിക്കുന്നതിനാണ് ഞങ്ങളെത്തിയതെന്ന് അവര്‍ മറുപടി നല്‍കിയെന്നും സാദ് ഓര്‍ത്തെടുക്കുന്നു.