ന്യൂഡല്‍ഹി: ഡിജിപിയായി പുനര്‍നിയമനം നടപ്പിലാക്കാന്‍ വൈകിപ്പിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍. തിങ്കളാഴ്ച സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഡിജിപി സ്ഥാനത്ത് നഷ്ടമായ കാലാവധി നീട്ടി നല്‍കണമെന്നും ടിപി സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 24ന് ഈ ഉത്തരവ് വന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും അദ്ദേഹത്തെ നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിരുന്നു. സെന്‍കുമാറിന്‍റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്. അതുവരെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.
ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവി സ്ഥാനത്തുനിന്നും പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തെ നീക്കം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തികളില്‍ ജനത്തിന് അതൃപ്തി ഉണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതിയില്‍ സര്‍ക്കാരിനായി അഭിഭാഷകര്‍ ആദ്യം മുതല്‍ വാദിച്ചതും. എന്നാല്‍ പൊലീസ് നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും ആയിരുന്നു സെന്‍കുമാറിന്റെ വാദം.
അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്റ്റും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടുവര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. നീക്കം ചെയ്യുകയാണെങ്കില്‍ അതിന് തക്ക കാരണമുണ്ടാകണം. ഇതെല്ലാം ലംഘിച്ചാണ് തനിക്കെതിരെയുളള സര്‍ക്കാര്‍ നടപടി. ഡിജിപിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലവധി ലഭിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് 2006ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കോടതിവിധിയും.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കതിരൂര്‍ മനോജ്, ടിപി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധ കേസുകളില്‍ നടത്തിയ അന്വേഷണം സര്‍ക്കാരിന് വിദ്വേഷമുണ്ടാക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും സെന്‍കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ജിഷവധക്കേസിലെ അന്വേഷണ മൂലമല്ല തന്നെ മാറ്റിയതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള 13 രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവടക്കമുള്ള കാര്യങ്ങള്‍ ചേര്‍ത്ത് ഒന്‍പത് പോയന്റുകളായാണ് സെന്‍കുമാര്‍ റിജോയ്നര്‍ സത്യവാങ്മൂലം നല്‍കിയത്.