തിരുവനന്തപുരം: ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറിന്മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുകയുണ്ടായി. പൂര്‍ണ്ണ സമ്മതതോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് പറഞ്ഞ സെന്‍കുമാര്‍ സ്ഥാനമാറ്റത്തിനെതിരെ പരാതി നല്‍കി.
കേന്ദ്ര അഡ്മിനസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സെന്‍കുമാര്‍ ഹര്‍ജി നല്‍കി. ചട്ടം ലംഘിച്ചാണ് തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സെന്‍കുമാര്‍ ട്രിബ്യൂണലിനെ അറിയിച്ചു. തന്നെ സ്ഥലം മാറ്റിയ നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. സെന്‍കുമാറിന്റെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിച്ചു.
വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റി പകരം ലോക്നാഥ് ബെഹ്റയെ ആ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ദേശീയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.