തിരുവനന്തപുരം:സെന്‍കുമാര്‍ പിണറായിക്ക് തലവേദന -സര്‍ക്കാരിനും പൊലീസ് ആസ്ഥാനം അങ്കലാപ്പില്‍.റിവിഷന്‍ ഹര്‍ജി നല്‍കിയാല്‍ സുപ്രീം കോടതിയെ പ്രകോപിപ്പിക്കലാകുമെന്നു നിയമോപദേശം. ടിപി സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി ഉത്തരവില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ സംസ്ഥാന സര്‍ക്കാര്‍. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കുന്നതിനെ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുന്നില്ല. എല്ലാ സാധ്യതകളും തേടിയ ശേഷം തീരുമാനമെടുക്കാനാണ് നീക്കം. സുപ്രീംകോടതി വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കണമെന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലൂണ്ട്. ഇതിലൂടെ സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കാന്‍ കഴിയുമെന്നാണ് ഇത്തരക്കാരുടെ വാദം. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിക്കുന്നത് വലിയ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തില്‍ സെന്‍കുമാര്‍ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനം.
സര്‍ക്കാര്‍ പുറത്താക്കിയ ഉദ്യോഗസ്ഥനെ വീണ്ടും പൊലീസ് മേധാവിയാക്കുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് സെന്‍കുമാറുമായി ഒത്തുതീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായോ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാനായോ സെന്‍കുമാറിനെ നിയോഗിക്കാമെന്ന ഓഫറും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്. രണ്ട് മാസം വിരമിക്കല്‍ കാലാവധിയുള്ള സെന്‍കുമാറിനെ അത്രയും കാലം ഡിജിപി കസേരയില്‍ ഇരുത്താന്‍ സര്‍ക്കാരിന് തീരെ താല്‍പ്പര്യമില്ല. ഒത്തുതീര്‍പ്പിന് സെന്‍കുമാര്‍ തയ്യാറായില്ലെങ്കില്‍ റിവിഷന്‍ ഹര്‍ജിയെ കുറിച്ച് ആലോചിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിലൂടെ വിധി നടപ്പാക്കുന്നത് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ വാദം. എന്നാല്‍ അത് സുപ്രീംകോടതിയെ ചൊടിപ്പിക്കുമെന്ന അഭിപ്രായവും സജീവമാണ്.
തനിക്ക് ഡിജിപി കസേരയില്‍ നഷ്ടമായ കാലം കൂടി പുനഃസ്ഥാപിക്കണമെന്ന് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. വിധി പ്രഖ്യാപനം വന്ന ശേഷം ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ സര്‍ക്കാര്‍ തീരുമാനം സെന്‍കുമാറിന് പരമാവധി കാലം കുറയ്ക്കാനുള്ള തന്ത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടമായ കാലം കൂടി സെന്‍കുമാറിനെ കൊടുക്കുന്ന തരത്തില്‍ വിധി പ്രസ്താവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സെന്‍കുമാറിന് അനുകൂലമായ കോടതി വിധി പ്രഖ്യാപിച്ച അതേ ബഞ്ച് തന്നെയാകും റിവിഷന്‍ ഹര്‍ജിയും പരിഗണിക്കുക. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ നിലപാട് കോടതി വീണ്ടും തള്ളിക്കളയാനേ സാധ്യതയുള്ളൂവെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തീരുമാനം മന്ത്രിസഭയുടേതാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഏകപക്ഷീയ തീരുമാനമെടുത്തുവെന്ന പേരു ദോഷം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഇത് സെന്‍കുമാറും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നാളെ സാധാരണ ചേരുന്ന മന്ത്രിസഭാ യോഗം വരെ കാത്തിരിക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധി വന്നതോടെ പൊലീസ് ആസ്ഥാനത്ത് സര്‍വ്വത്ര ആശയക്കുഴപ്പമാണ്. വിധിയോടെ ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയല്ലാതെയായെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ഇപ്പോഴും ബെഹ്റയാണ് പൊലീസ് മേധാവിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതു വരെ ബെഹ്റയ്ക്ക് തന്നെയാണ് ചുമതലെന്നും പറയുന്നു. എന്നാല്‍ ഇനി പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് ബെഹ്റയെന്നാണ് സൂചന.
രാജ്യത്തെ പൊലീസിനെ ആകമാനം നിഷ്പക്ഷവും സ്വതന്ത്രവുമാക്കാന്‍ സഹായിക്കുന്ന ചരിത്ര വിധിയാണ് ടി.പി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തിരികെ ആ പദവിയില്‍ നിയമിക്കുന്ന ആദ്യ ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് വിവേചനാധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സര്‍ക്കാരുകളുടെ നടപടികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവുമെന്ന സന്ദേശവും വിധി നല്‍കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ കരുതല്‍ ഇനി വേണമെന്നാണ് ആവശ്യം.
പ്രകാശ്‌സിങ് കേസിലെ വിധി മറികടക്കാന്‍ കേരളാ പൊലീസ് ആക്ടിലെ 97(2) ഇ ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തടഞ്ഞു. ഇതു മാത്രമായി ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉപയോഗിച്ചാല്‍ അംഗീകരിക്കില്ല. സംസ്ഥാന സുരക്ഷാ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് അനുസരിച്ചു മാത്രമേ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന് വിധി നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി, നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, വിരമിച്ച ഹൈക്കോടതി ജഡ്ജി. ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയതാണ് സുരക്ഷാ കമ്മീഷന്‍.
ഏപ്രില്‍ 13ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിജിപി സെന്‍കുമാറിനെതിരെ യാതൊരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ മെയ് 26ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആഭ്യന്തരസെക്രട്ടറി പുറ്റിങ്ങല്‍, ജിഷ കേസുകളില്‍ ഡിജിപിക്കെതിരെ രണ്ടു റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് നല്‍കി. പൊലീസിനെതിരെ ജനങ്ങളില്‍ വ്യാപകമായ അതൃപ്തിയുണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. കേന്ദ്രഅഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതെന്ന് സുപ്രീംകോടതി വിധി വിമര്‍ശിച്ചു. നളിനി നെറ്റോയുടെ മെയ് 26ലെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സെന്‍കുമാറിനെ പുറത്താക്കാനായി കൃത്രിമ രേഖകളുടെ സഹായം തേടിയിട്ടുണ്ടെന്ന കോടതിയുടെ കണ്ടെത്തല്‍ വരും നാളുകളില്‍ കൂടുതല്‍ നിയമ നടപടികളുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ തന്നെ ലക്ഷ്യമിട്ട് നിരവധി കൃത്രിമത്വം നടന്നിട്ടുണ്ടെന്നും നിയമ നടപടികളുടെ സാധ്യത പരിശോധിക്കുകയാണെന്നും സെന്‍കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.