തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമഭാതഗതി നടപ്പിലാക്കയതോടെ കനത്ത പിഴയാണ് നിസ്സാര കുറ്റങ്ങള്‍ക്കുപോലും പോലീസ് ഈടാക്കുന്നത്. സാധാരണക്കാരനില്‍ നിന്നും ഉയര്‍ന്ന പിഴ ഈടാക്കിത്തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ് കൂടുതലും ചോദ്യം ചെയ്യപ്പെടുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ യുക്തിയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഗുരുതര പിഴവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റോഡിലൂടെ പായുന്നത് ഗതാഗതനിയമങ്ങള്‍ നഗ്‌നമായി ലംഘിച്ചാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കാഴ്ച മറക്കുന്ന ഒന്നും പാടില്ലെന്ന് നിയമമുണ്ടായിരിക്കെ കര്‍ട്ടിനിട്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്ര. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഒരു മാസം മുമ്പ് ഗതാഗതസെക്രട്ടറി നിര്‍ദേശിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
കെ.എല്‍ പൂജ്യം ഒന്ന് സി.ബി 7400 നമ്പറുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡോര്‍ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറച്ചാണ് യാത്ര. റവന്യുമന്ത്രി കെ.ചന്ദ്രശേഖരന്റെ വാഹനമായ കെ.എല്‍ രണ്ട് സി.ബി 8378, ഇതിലും വിന്‍ഡോ കര്‍ട്ടനുണ്ട്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ വാഹനം, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ വാഹനം, ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ കാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരിലുള്ള വാഹനം, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഔദ്യോഗിക വാഹനം, ഇവയെല്ലാം പായുന്നതും കര്‍ട്ടനിട്ട് മറച്ചുതന്നെ. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ ഇങ്ങനെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളാണ് നിയമം ലംഘിച്ച് പായുന്നത്.
ഗതാഗതസെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഓഗസ്റ്റ് അഞ്ചിന് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നല്‍കിയ കത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ടെന്നും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. പുതിയ നിയമപ്രകാരം അയ്യായിരം രൂപ പിഴയീടാക്കാം. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നതിന് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാം.