വിമത പക്ഷത്തേക്ക് കൂടുതല്‍ എംപിമാര്‍, പിളര്‍പ്പ് പൂര്‍ണം, ലോക്സഭയിലും തൃണമൂല്‍ തകര്‍ന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. തൃണമൂലിന്റെ കൂടുതല്‍ ലോക്സഭാ എംപിമാര്‍ വിമത പക്ഷത്തേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ കാകോളി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തില്‍ 19 എംപിമാരാണ് വിമത നീക്കം നടത്തിയത്. ഇപ്പോള്‍ വിമത പക്ഷത്ത് 22 എംപിമാരായി എന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ ആകെ 28 എം.പിമാരാണുള്ളത്. ഇതില്‍ 22 പേരും തങ്ങളോടൊപ്പമുണ്ടെന്ന് വിമത എം.പി കാകോളി ഘോഷ് ദസ്തീദാര്‍ അവകാശപ്പെട്ടു. ഇത്രയും വലിയൊരു വിഭാഗം പാര്‍ട്ടി വിടുന്നത് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാന്‍ ഇവര്‍ക്ക് സഹായകരമാകും.

തിങ്കളാഴ്ച സ്പീക്കറെ കണ്ട് സഭയില്‍ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കാകോളി ഘോഷ് ദസ്തീദാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിമത എം.പിമാരായ സാവോണി ഘോഷ്, മാലാ റോയ്, ശതാബ്ദി റോയ്, അരൂപ് ചക്രവര്‍ത്തി എന്നിവര്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ഇത് ബിജെപിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ബംഗാളിലെ സാഹചര്യങ്ങളില്‍ അതൃപ്തിയുള്ളവരാണ് തങ്ങളെ ബന്ധപ്പെടുന്നതെന്ന് കാകോളി ഘോഷ് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ഗൗതം ദേബ്, ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മമതയുടെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തി. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ രൂപപ്പെട്ട ആഭ്യന്തര തര്‍ക്കങ്ങളാണ് ഇപ്പോള്‍ വലിയ പിളര്‍പ്പിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് അടുത്ത കാലത്ത് നേരിടുന്ന ഏറ്റവും വലിയ പാര്‍ലമെന്ററി പ്രതിസന്ധിയാണിത്.

ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. 28 പേരില്‍ 22 പേരും പ്രത്യേക ബ്ലോക്കായി മാറിയാല്‍ അവരെ ഔദ്യോഗിക കക്ഷിയായി സ്പീക്കര്‍ അംഗീകരിച്ചേക്കും. ഇതിനൊപ്പം ബംഗാള്‍ നിയമസഭയിലും ഭൂരിപക്ഷം വിമതര്‍ക്കാണ്. മമതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഔദ്യോഗിക പാര്‍ട്ടി അല്ലാതായി മാറുന്ന സാഹചര്യമാണ് നിലവില്‍. വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വനിത സംവരണ ഭേദഗതി ബില്‍ വീണ്ടും അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകുമോ അതോ പ്രത്യേക ബ്ലോക്കായി മാത്രം ഇരിക്കുമോ എന്നുള്ളത് വ്യക്തമല്ല.

 

Top