ത്രിപുര: പരാജയ കാരണം കോണ്‍ഗ്രസിന്റെ ചുമലില്‍ വയ്ക്കാനുള്ള തന്ത്രം പാളുന്നു; കണക്കുകള്‍ കാര്യം വ്യക്തമാക്കുന്നു

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറക്കാന്‍ ഇടതുപക്ഷം നടത്തുന്ന വോട്ട് വിഹിതത്തിന്റെ പേരിലുള്ള വാചക കസര്‍ത്തുകള്‍ തെറ്റെന്ന് തെളിയുന്നു. പെട്ടെന്നുണ്ടായ ഞെട്ടിക്കുന്ന പരാജയം കോണ്‍ഗ്രസിന്റെ വോട്ടെണ്ണത്തിന്റെ മുകളില്‍ വച്ച് തങ്ങളുടെ ഭാഗം ശരിയാക്കാനുള്ള തന്ത്രമാണ് കണക്കുകളിലൂടെ പാളുന്നത്.

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വോട്ടു വിഹിതം 2018 തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ്, ബി.ജെ.പിക്ക് മറിഞ്ഞത് മൊത്തം കോണ്‍ഗ്രസ് വോട്ടാണെന്ന ന്യായീകരണം ചമയ്ക്കുന്നത്. എന്നാല്‍, ഏറ്റവും അവസാനമായി നടന്ന 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 64 ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നു എന്ന കാര്യം ഇവര്‍ മനഃപൂര്‍വം മറച്ചു വെക്കുകയാണ്. നിയമസഭയില്‍ ഒറ്റയടിക്ക് 31 സീറ്റുകള്‍ നഷ്ടപ്പെട്ട് 49-ല്‍ നിന്ന് 18 സീറ്റിലേക്ക് കൂപ്പുകുത്തിയതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലാണ് കോണ്‍ഗ്രസ് വിമര്‍ശനം കൊഴുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം 49 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 48.1 ശതമാനമായിരുന്നു. പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റേതാകട്ടെ 36.5 ശതമാനവും. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ക്രമാതീതമായി ഇടിയുകയും സി.പി.എം വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ തരംഗം പ്രതിഫലിച്ചപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 15.4 ലേക്ക് വീണപ്പോള്‍ സി.പി.എമ്മിന്റേത് 64.8 ലേക്ക് ഉയര്‍ന്നു.

അവസാനം നടന്ന 2014 തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തെ പൂര്‍ണമായും അവഗണിച്ചാണ് തൊട്ടു മുന്‍ വര്‍ഷത്തെ കണക്കുകള്‍ എടുത്തുകാട്ടി സി.പി.എം ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. 2014-മായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മൊത്തം വോട്ടുവിഹിതത്തിലെ 13 ശതമാനമാണെങ്കില്‍ സി.പി.എമ്മിന് 22 ശതമാനം വോട്ടാണ് നഷ്ടമായത്. കോണ്‍ഗ്രസിന് പത്ത് സീറ്റ് നഷ്ടമായപ്പോള്‍ ഇടതുപക്ഷത്തിന് 31 സീറ്റും രണ്ട് പതിറ്റാണ്ടിലേറെ കൈവശമുണ്ടായിരുന്ന അധികാരവും നഷ്ടമായി.

1992-ല്‍ അധികാരം നഷ്ടപ്പെട്ട ശേഷം ത്രിപുര രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ശക്തമായി മുന്നേറാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും മോശം കാലയളവായിരുന്നു സമീപകാലത്തേത്. എന്നാല്‍, 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു വര്‍ഷത്തിനിടെ 64 ശതമാനം വോട്ടു വിഹിതം സ്വന്തമാക്കിയ സി.പി.എമ്മിന് ത്രിപുരയില്‍ ഒരു തകര്‍ച്ച എന്നത് കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും സ്വപ്നം കണ്ടിരുന്നതല്ല. സ്വന്തം വോട്ട്ബാങ്കിലുണ്ടായ ചോര്‍ച്ചയും ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ചയുമാണ് രാജ്യത്ത് ഒരു സംസ്ഥാനത്തെ അധികാരത്തിലേക്ക് മാത്രം ചുരുങ്ങാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിക്കുന്നത്.

Top