വാഷിംഗ്ടൺ :ഇറാന്‍ രഹസ്യസേന മേധാവിയായിരുന്ന ജനറല്‍ ഖാസിം സുലൈമാനിക്ക് ടെഹ്റാനില്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി. പിതാവിന്റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാണ് കൊണ്ടുവരുന്നതെന്ന് സുലൈമാനിയുടെ മകള്‍ സെയ്നബ് മുന്നറിയിപ്പ് നല്‍കി. ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര ഇന്നുരാവിലെയാണ് ടെഹ്്റാനിലെത്തിയത്. ടെഹ്്റാന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രാര്‍ഥന നടത്തി.
ചടങ്ങിനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഖാസിം സുലൈമാനിയുടെ മകള്‍ സെയ്നബ് സുലൈമാനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവളിച്ചത്. തന്റെ പിതാവിന്റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാണ് കൊണ്ടുവരുന്നതെന്ന് സെയ്നബ് പറഞ്ഞു. സുലൈമാനിയുടെ വധത്തോടെ എല്ലാംഅവസാനിക്കുമെന്നാണ് അമേിരിക്ക കരുതിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുമെന്നും സെയ്നബ് പറഞ്ഞു.
അതേസമയം, ഇറാനെതിരെ വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വെല്ലുവിളി. 2015ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിരുന്നു. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം.
അതിനിടെ സൈന്യത്തെ പിന്‍വലിക്കണമെന്ന ഇറാക്ക് പാര്‍ലമെന്റിന്റെ ആവശ്യം യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാക്കില്‍ വ്യോമതാവളം നിര്‍മിക്കാന്‍ വന്‍തുക ചെലവഴിച്ചിട്ടുുണ്ടെന്നും നഷ്ടപിഹാരം ലഭിക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാക്കിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കുകയും ചെയ്തു.