വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിച്ചെന്നും ഇറാനുമായുള്ള കരാര്‍ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്പില്‍വെച്ചായിരിക്കും കരാറില്‍ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് ഞങ്ങള്‍ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചു. ഞങ്ങളുടെ ഉദ്ദേശ്യവും അതായിരുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ ഞങ്ങള്‍ ഒരു വലിയ ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുകയാണ്. അതിന്റെ രേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ത്തിയാകും. യൂറോപ്പില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇത് ഒപ്പിടുക. ഇതോടെ എണ്ണവില കുറയും. എണ്ണവില കുറയുമ്പോള്‍ മറ്റെല്ലാം കുറയും’ട്രംപ് പറഞ്ഞു.
കരാറിന്റെ ഭാഗമായി ആണവായുധങ്ങള്‍ വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാന്‍ സമ്മതിച്ചതായാണ് ട്രംപിന്റെ അവകാശവാദം. അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങളും നീക്കും. ഇതോടെ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിലുണ്ടായ നേതൃമാറ്റം ഒത്തുതീര്‍പ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. നിലവിലെ നേതൃത്വം മുന്‍പുണ്ടായിരുന്നവരെക്കാള്‍ വിവേകത്തോടെയാണ് ഇടപെടുന്നത്. യുഎസിനും പശ്ചിമേഷ്യയ്ക്കും ഈ ഉടമ്പടി ഏറെ മികച്ചതാണെന്നും പ്രത്യേകിച്ച് ഇറാന് ഇത് ആത്യന്തികമായി മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായി കരാറിലെത്തിയതായി ഇറാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ നിര്‍ദിഷ്ട കരാറില്‍ ഇറാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കഞചഅ റിപ്പോര്‍ട്ട്ചെയ്തു. കരാറില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസുമായി കരാറായെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗ്ഹേയിയും പ്രതികരിച്ചു.
കഴിഞ്ഞദിവസം രാത്രി ഇറാനുനേരേ അതിശക്തമായ ആക്രമണം നടത്തുമെന്നും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ് മണിക്കൂറുകള്‍ക്കകം ഇത് പിന്‍വലിച്ചിരുന്നു.


