വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകയെ വക്രബുദ്ധി, മണ്ടി എന്നെല്ലാം വിളിച്ച് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസിന്റെ രാജ്യംമുഴുവന്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ‘മീറ്റ് ദ പ്രസ്’ ഇന്റര്‍വ്യൂവിനിടെയാണ് അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറുമായി വഴക്കിട്ട് ട്രംപ് സ്ഥലംവിട്ടത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരായ ആരോപണങ്ങളും കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് വൈകിയതുമടക്കം ചോദ്യങ്ങളാണ് ട്രംപിനെ വല്ലാതെ പ്രകോപിപ്പിച്ചത്.’നമുക്കിത് ഇവിടെവച്ച് അവസാനിപ്പിക്കാം. കേള്‍ക്കേണ്ടതെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു, നന്ദി ഡാര്‍ലിംഗ്’ എന്നുപറഞ്ഞ് മൈക്രോഫോണ്‍ ഊരിയെറിഞ്ഞ് ട്രംപ് നടന്നുപോകുകയായിരുന്നു. കാലിഫോര്‍ണിയയില്‍ നാല് ദിവസമായിട്ടും ഫലം വരാത്തതിന്റെ അമര്‍ഷം സൂചിപ്പിച്ച ട്രംപ് അവര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുന്നതിനാലാണ് ഇതെന്ന് ആരോപിച്ചു.
എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ ആരോപിക്കുന്നത് എന്ന ക്രിസ്റ്റന്‍ വെല്‍ക്കറുടെ ചോദ്യത്തിന് താന്‍ ജനങ്ങള്‍ പറയുന്നതാണ് കേള്‍ക്കുന്നതെന്ന് ട്രംപ് മറുപടി നല്‍കി.ഇലക്ഷന്‍ അധികാരികള്‍ തട്ടിപ്പുകാരാണെന്നും മാദ്ധ്യപ്രവര്‍ത്തകരും മീറ്റ് ദ പ്രസ് പരിപാടിയും തട്ടിപ്പാണെന്നും ട്രംപ് ആരോപിച്ചു. ഇറാന്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ച് ആരംഭിച്ച അഭിമുഖത്തില്‍ കഴിഞ്ഞ ബൈഡന്‍ സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയെന്ന് വിശ്വസിക്കുന്നവര്‍ക്ക് നല്‍കാനെന്ന പേരില്‍ 1.8 ബില്യണ്‍ ഡോളറിന്റെ ‘ആന്റി വെപ്പണൈസേഷന്‍’ പദ്ധതി ട്രംപ് മുന്നോട്ടുവച്ചതിനെ സൂചിപ്പിച്ച് ക്രിസ്റ്റന്‍ ചോദ്യം ചെയ്തു.
ഇതോടെ പ്രകോപിതനായ ട്രംപ് ജോ ബൈഡനെയും മാദ്ധ്യമങ്ങളെയും മോശക്കാരെന്ന് മുദ്രകുത്തി ശക്തമായി പ്രതികരിച്ചു. ഇതാദ്യമായല്ല ട്രംപ് മാദ്ധ്യമങ്ങള്‍ക്ക് നേരെ തിരിയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സിഎന്‍എന്നിന്റെ പ്രതിനിധിയോട് ദേഷ്യപ്പെടുകയും സിഎന്‍എന്‍ അഴിമതി നിറഞ്ഞ സ്ഥാപനമെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.


