തകർത്താടി മാർഷും വാർണറും!. ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ ലോകത്തിന്റെ നെറുകയില്‍. ടി20 ലോകകപ്പും ആസ്‌ട്രേലിയയ്ക്ക്

കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം.അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇരിക്കുന്ന ഷോകെയ്‌സില്‍ ഇനി ട്വന്റി 20 ലോകകിരീടവും തിളങ്ങും. ദൗര്‍ഭാഗ്യങ്ങളുടെ കളിത്തോഴരായ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പിച്ച് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പ് കിരീടം ചൂടി.ദുബായിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷും(77 നോട്ടൗട്ട്) ഓപ്പണര്‍ ഡേവിഡ് വാര്‍ണറു(53)മാണ് ഓസീസിന്റെ വിജയശില്‍പികള്‍. കളിയവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു മാര്‍ഷിനു കൂട്ടായി ക്രീസില്‍. അഞ്ചു റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍.കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസിന്റെ തുടക്കം തിരിച്ചടിയോടെയായിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ ഫിഞ്ചിനെ നഷ്ടമായ അവരെ പിന്നീട് വാര്‍ണര്‍-മാര്‍ഷ് സഖ്യം കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്ു കൂട്ടിച്ചേര്‍ത്ത 92 റണ്‍സ് ഓസീസിന് ജയത്തിലേക്കുള്ള മികച്ച അടിത്തറ നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനു വിക്കറ്റ് നല്‍കി വാര്‍ണര്‍ പുറത്താകുമ്പോള്‍ ജയത്തിലേക്ക് 46 പന്തില്‍ നിന്ന് 66 റണ്‍സിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. വാര്‍ണര്‍ പുറത്തായ ശേഷം ക്രീസില്‍ എത്തിയ മാക്‌സ്‌വെല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തതോടെ കിവീസിന്റെ പ്രതീക്ഷകള്‍ എല്ലാം പൊലിയുകയായിരുന്നു.നേരത്തെ ടോസ് നിര്‍ണായകമായ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാണയഭാഗ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് തുണച്ചത്. ടോസ് നേടിയ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ടീമിന് ആവശ്യമായ സമയത്ത് നായകന്റെ ഇന്നിങ്‌സുമായി കെയ്ന്‍ വില്യംസണ്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന മികച്ച സ്‌കോറാണ് നേടിയത്.48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 85 റണ്‍സാണ് വില്യംസണ്‍ നേടിയത്. നായകനു പുറമേ 28 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ആദ്യം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുക കൂടി ചെയ്തതോടെ പതിഞ്ഞ തുടക്കമാണ് കിവീസിന് ലഭിച്ചത്. ഒട്ടും പവറില്ലാത്ത പവര്‍പ്ലേ ആയിരുന്നു കിവീസിന്റേത്. ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍.ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ(11)യാണ് അവര്‍ക്കു തുടക്കത്തിലേ നഷ്ടമായത്. പിന്നീട് ഒത്തുചേര്‍ന്ന വില്യംസണും ഗുപ്റ്റിലും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു. 11 ഓവറില്‍ ടീം സ്‌കോര്‍ 76-ല്‍ എത്തിച്ച ഈ കൂട്ടുകെട്ട് 12-ാം ഓവറിന്റെ ആദ്യ പന്തില്‍ പിരിഞ്ഞു. ഗുപ്റ്റിലിനെ വീഴ്ത്തി ആദം സാംപയാണ് പ്രഹരിച്ചത്.എന്നാല്‍ നാലാമനായി എത്തിയ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുനിര്‍ത്തി വില്യംസണ്‍ പട ഓസീസ് പാളയത്തിലേക്കു നയിക്കുകയായിരുന്നു പിന്നീട്.

ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച കിവീസ് നായകന്‍ ഫിലിപ്‌സിനൊപ്പം അടുത്ത ആറോവറില്‍ 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18-ാം ഓവറിന്റെ രണ്ടാം പന്തില്‍ ഫിലിപ്‌സ്(17 പന്തില്‍ 18) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 144-ല്‍ എത്തിയിരുന്നു.അതേ ഓവറിന്റെ അഞ്ചാം പന്തില്‍ വില്യംസണ്‍ വീണതോടെ 190-ന് മേല്‍ സ്‌കോര്‍ എന്ന കിവീസ് ലക്ഷ്യം തകര്‍ന്നു. പിന്നീട് എത്തിയ ജയിംസ് നീഷാം(ഏഴു പന്തില്‍ 13), ടിം സീഫെര്‍ട്ട്(ആറു പന്തില്‍ എട്ട്) എന്നിവര്‍ക്ക് പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനാകാതെ വന്നപ്പോള്‍ കിവീസ് 172 -ല്‍ ഒതുങ്ങുകയായിരുന്നു.സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കിവീസ് ഇറങ്ങിയത്. പരുക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെവണ്‍ കോണ്‍വെ പുറത്തായപ്പോള്‍ പകരം ടിം സെയ്ഫര്‍ട്ട് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയാകട്ടെ പാകിസ്താനെ തോല്‍പിച്ച ടീമിനെ അതേപടി നിലനിര്‍ത്തി.

Top