അവസാന അഞ്ചാം പന്തില്‍ സിംഗിളിനായി സഞ്ജു വിസമ്മതിച്ചത് എന്തുകൊണ്ട്? മറുപടിയുമായി സംഗക്കാര.

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കികൊണ്ടിരുന്ന മത്സരമായിരുന്നു ഇന്നലെ നടന്ന പഞ്ചാബ് കിങ്ങ്സ് – രാജസ്ഥാൻ റോയൽസ് പോരാട്ടം. ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാൻ ടീമിനെ നയിച്ചിരുന്നത്. ഐ പി എൽ ചരിത്രത്തിൽ ആദ്യമായാണ് മലയാളി ഒരു ടീമിന്റെ നേതൃസ്ഥാനത്തെത്തുന്നത്. തകർപ്പൻ ക്യാപ്റ്റൻ ഇന്നിങ്സാണ് സഞ്ജു ആരാധകർക്കായി കാഴ്ച വച്ചത്. 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 119 റൺസ് നേടി അവസാന പന്തിലാണ് താരം പുറത്തായത്. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ത്തന്നെ ഇത്തരമൊരു സെഞ്ച്വറി പ്രകടനം ഐ പി എല്‍ ചരിത്രത്തിൽ ആദ്യമാണ്.

നായക അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചതെങ്കിലും, അവസാന അഞ്ചാം പന്തില്‍ സിംഗിളിനായി ഓടാന്‍ സഞ്ജു സാംസണ്‍ വിസമ്മതിച്ചതിനെതിരെ ചിലയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു ബൗണ്ടറി അടിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഫീല്‍ഡറുടെ കൈയിലാണ് എത്തിയത്. എങ്കിലും ആ സമയത്ത് സിംഗിളിന് സഞ്ജു ശ്രമിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവം ചര്‍ച്ചയായതോടെ സഞ്ജുവിന് പിന്തുണയുമായി ആര്‍ആര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര രംഹത്തെത്തി. സഞ്ജു ചെയ്തത് തന്നെയാണ് ശരിയെന്നും ആ സിംഗിള്‍ എടുക്കാത്തതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ലെന്നും സംഗക്കാര വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുമാര്‍ സംഗക്കാര പറഞ്ഞത് ഇങ്ങനെ: ”അവസാന ഓവറില്‍ സഞ്ജു ചെയ്തതാണ് ശരി. ആ സിംഗിള്‍ എടുക്കാത്തതില്‍ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിള്‍ എടുത്തിരുന്നെങ്കില്‍ ക്രിസ് മോറിസ് ആയിരിക്കും സ്‌ട്രൈക്കില്‍ ഉണ്ടാകുക. മോറിസിന് ഇന്നലെ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. നാല് പന്തുകളില്‍ നിന്നും വെറും രണ്ടുറണ്‍സ് മാത്രമാണ് മോറിസ് എടുത്തത്. ആ സാഹചര്യത്തില്‍ സഞ്ജു ആ റിസ്‌ക് ഏറ്റെടുത്തു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ റിസ്‌ക് ഏറ്റെടുത്ത സഞ്ജുവിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് അവസാന പന്ത് ബൗണ്ടറി കടത്താന്‍ സാധിച്ചില്ലെങ്കിലും കളിയിലെ പ്രകടനമികവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. അടുത്ത മത്സരങ്ങളില്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ രാജസ്ഥാന് സാധിക്കും.”

അതേസമയം, സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രമുഖ താരങ്ങളും രംഗത്തെത്തി. സഞ്ജുവിന്റൈ പ്രകടനത്തില്‍ വളരെ സന്തോഷം, മികച്ചത്, ടോപ് ക്ലാസ് എന്നാണ് ജസ്പ്രീത് ബുംറ പ്രതികരിച്ചത്. മനോഹരമായ പ്രകടനമെന്നാണ് യുവരാജ് സിംഗ് പ്രതികരിച്ചത്. മൂന്നാം ഐപിഎല്‍ സെഞ്ച്വറി അടിച്ചെടുത്ത സഞ്ജു ഗംഭീരം എന്നാണ് വീരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത്. സഞ്ജുവിന് വലിയൊരു അഭിനന്ദനം നല്‍കൂ എന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ മൊത്തം ഈ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

റോയല്‍സിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് ഇന്നലെ നായകന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സെടുത്തു. 7 സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ തലനാരിഴക്കാണ് പഞ്ചാബ് വിജയിച്ചത്. ആദ്യ ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയ മുഹമ്മദ് ഷമി പഞ്ചാബിന് മികച്ച തുടക്കം നല്‍കി. അധികം വൈകാതെ മനാന്‍ വോഹ്‌റ അര്‍ഷദീപിന് മുന്നില്‍ വീണു.

പിന്നീടെത്തിയ ജോസ് ബട്‌ലറുമായി ചേര്‍ന്ന് സഞ്ജു റോയല്‍സ് സ്‌കോര്‍ മുന്നോട്ടുനയിച്ചു. മോശം പന്തുകളെ ശിക്ഷിച്ച് മുന്നേറിയ ഇരുവരും ശ്രദ്ധയോടെ ബാറ്റുവീശി. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ റിച്ചാര്‍ഡ്‌സണ്‍ ബട്‌ലറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നാലെയെത്തിയ ശിവം ദൂംബെയുമായി ചേര്‍ന്ന് സഞ്ജു മികച്ച കൂട്ടുക്കെട്ടുയര്‍ത്താനുള്ള ശ്രമം നടത്തി. ഇടയില്‍ നായകന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. റോയല്‍സ് സ്‌കോര്‍ 123ലെത്തിയതിന് പിന്നാലെ ദുംബെ വീണു. അര്‍ഷദീപിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ദീപക് ഹുഡയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ റയാന്‍ പരാഗിനൊപ്പം സഞ്ജു വീണ്ടും മികച്ച കൂട്ടുക്കെട്ടുയര്‍ത്തി. 11 പന്തില്‍ 25 റണ്‍സെടുത്ത പരാഗ് പുറത്തായതോടെ റോയല്‍സിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി. ഈ ഓവറില്‍ ഒരു വിക്കറ്റെടുത്ത ഷമി എട്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ റോയല്‍സിന്റെ വിജയിക്കാന്‍ 18 പന്തില്‍ 40 റണ്‍സ് എന്ന നിലയിലായി. റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ രണ്ട് ബൗണ്ടറിയും സിക്‌സും പറത്തി സഞ്ജു സാസംണ്‍ സെഞ്ച്വറി തികച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ നായകന്‍ തന്റെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിക്കുന്നത് ആദ്യമായിട്ടാണ്. നായകനെന്ന നിലയില്‍ ഐപിഎല്ലിലെ മികച്ച സ്‌കോര്‍ കൂടിയാണിത്.

അവസാന രണ്ട് ഓവറില്‍ റോയല്‍സിന് വിജയിക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. 19ാം ഓവറില്‍ ആദ്യ പന്തില്‍ തെവാട്ടിയ പുറത്തായി. പിന്നീടുള്ള പന്തുകള്‍ കടുപ്പിച്ചെറിഞ്ഞ റിച്ചാര്‍ഡ്‌സന്‍ മികവ് പുലര്‍ത്തി. എന്നാല്‍ ഈ ഓവറില്‍ ഒരു സിക്‌സടിച്ച് സഞ്ജു വിജയത്തിലേക്ക് ടീമിനെ നയിച്ചു. 20ാം അവസാന ഓവറില്‍ ഒരു സിക്‌സടിച്ച് വിജയ പ്രതീക്ഷ സഞ്ജു നിലനിര്‍ത്തിയെങ്കിലും അവസാന പന്തില്‍ ബൗണ്ടറിക്കരികില്‍ നിന്ന് ക്യാച്ചെടുത്ത ദീപക് ഹുഡ റോയല്‍സിന്റെ ഹൃദയം തകര്‍ത്തു.

Top