
കോട്ടയം :ലോൺ ബാധ്യതയിൽ മനസുമെടുത്ത് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്.
ക്രെയിൻ സർവീസ്, വർക്ക് ഷോപ്പ് ജോലികൾ ചെയ്ത് വരന്നവരായിരുന്നു ഇവർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാളുകളായി ഇവർക്ക് വരുമാനം ഇല്ലായിരുന്നു. ഇവർക്ക് 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് സുഹൃത്ത് മനോജ് പറഞ്ഞു. മണിപ്പുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് ബാധ്യത.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം സഹോദരന്മാർ മാനസിക സമ്മർദ്ദത്തിലായിരുന്നു. മൂന്ന് ദിവസമായി ഇവർ പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നും മനോജ് പറയുന്നു.
അതേസമയം ഇരട്ട സഹോദരന്മാർ വായ്‌പ്പാ ബാധ്യത നേരിട്ടിരുന്നു എന്ന വിഷയത്തിൽ പ്രതികരണവുമായി ബാങ്ക് അധികൃതർ. മാതാവ് ഫാത്തിമയാണ് ഇന്ന് രാവിലെ ഇരുവരും രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഈ സംഭവത്തിലാണ് മണിപ്പുഴ അർബൻ ബാങ്ക് അധികൃതർ നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നത്.
‘2019 മെയ് രണ്ടിനാണ് നിസാറും നസീറും മണിപ്പുഴ ബ്രാഞ്ചിൽ എത്തി ലോൺ എടുത്തത്. കടുവാക്കുളത്ത് സ്ഥലവും വീടും വാങ്ങുന്നതിനായിരുന്നു ലോൺ ആവശ്യപ്പെട്ടത്. പർച്ചേസ് ലോൺ എന്ന നിലയിലാണ് ഇരുവരും 13 ലക്ഷം രൂപ ലോൺ എടുത്തത്. പത്തുവർഷം കാലാവധിയിലാണ് ലോൺ അനുവദിച്ചിരുന്നത്. ആ മാസം 28-ാം തീയതി 19,000 രൂപ ഇരുവരും ആദ്യ തവണയായി അടച്ചു. പിന്നീടൊരിക്കലും നിസാറും നസീറും ലോൺ തവണകൾ അടച്ചിരുന്നില്ല,’ മണിപ്പുഴ അർബൻ ബാങ്ക് മാനേജർ ആൻസി ചാക്കോ പറയുന്നു.
ബാങ്ക് ലോൺ തുടർച്ചയായി മുടങ്ങിയതോടെ അധികൃതർ വീട്ടിൽ വന്ന് അന്വേഷിച്ചിരുന്നതായി ആൻസി ചാക്കോ പറയുന്നു. രണ്ടാഴ്ച മുൻപും ഇവിടെ എത്തി പണം അടയ്ക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. അന്ന് മാതാവ് ഫാത്തിമ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നിസാറിന്റെയും നസീറിന്റെയും സഹോദരിയെ പാലക്കാട്ടേക്കാണ് കല്യാണം കഴിച്ചത് എന്നും അവിടെ സ്ഥലം വിറ്റ് പണം നൽകാമെന്നും മാതാവ് ഫാത്തിമ പറഞ്ഞിരുന്നതായി ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ ഇക്കാര്യങ്ങൾ എല്ലാം ബാങ്കിൽ നേരിട്ടുവന്ന് സംസാരിക്കണമെന്ന് നിസാറിനോടും നസീറിനോടും പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷവും ബാങ്കുമായി ഇരുവരും ബന്ധപ്പെട്ടിരുന്നില്ല എന്നാണ് ബാങ്ക് മാനേജർ ആൻസി ചാക്കോ വ്യക്തമാക്കുന്നത്. ജപ്തി നോട്ടീസ് ബാങ്ക് നൽകിയിരുന്നില്ല എന്നും ആൻസി ചാക്കോ പറഞ്ഞു. പത്തു വർഷം കാലാവധിയുള്ള ലോൺ ആയതിനാൽ തന്നെ സാങ്കേതികമായി ഇപ്പോൾ ജപ്തി നോട്ടീസ് നൽകേണ്ട സാഹചര്യം ഇല്ല എന്നും മണിപ്പുഴ അർബൻ സഹകരണ ബാങ്ക് അധികൃതർ പറയുന്നു.
ബാങ്ക് അധികൃതർ എത്തിയ ശേഷമാണ് ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായത് എന്ന് സുഹൃത്തായ മനോജ് വ്യക്തമാക്കുന്നു. മാതാവ് ഫാത്തിമ പറയുന്നതും ഇതുതന്നെയാണ്. വീട്ടിൽ നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടായി ഇരുവരും കണ്ടിരുന്നതായി മാതാവ് ഫാത്തിമ ചൂണ്ടികാട്ടുന്നു.
ബാങ്ക് അധികൃതർ വന്നശേഷം നിസാറും നസീറും വീട്ടിൽ നിന്ന് അധികം പുറത്ത് വന്നിരുന്നില്ല എന്നും മനോജ് ചൂണ്ടിക്കാട്ടി. ബാങ്ക് ലോൺ വായ്പ ആയത് ഇരുവർക്കും അഭിമാനപ്രശ്നമായി മാറിയിരുന്നതായാണ് മാതാവിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്. കോവിഡ് കാലത്ത് ജോലി ഒന്നും കൃത്യമായി നടക്കാത്തതും ഇരുവരെയും കാര്യമായി അലട്ടിയിരുന്നു. നാട്ടുകാരാണ് പലപ്പോഴും ഇവരുടെ കാര്യങ്ങളിൽ സഹായിച്ചിരുന്നത് എന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.