കണ്ണൂര്‍: കേരളത്തിനായി യു.എ.ഇ സമാഹരിച്ച 700 കോടി സഹായധനം കേന്ദ്രത്തിന് മുന്നില്‍ ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്. യു.എ.ഇയുടെ സഹായധനം സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടാണ് തടസമായി നില്‍ക്കുന്നത്. എന്നാല്‍ സഹായം കിട്ടാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് കണ്ണന്താനം പറഞ്ഞു. കേരളത്തിന് പണം ധാരാളം ആവശ്യമാണ്. 700 കോടി രൂപ കേരളത്തിന് കിട്ടണം. ഇപ്പോള്‍ കിട്ടിയ 620 കോടി ധനസഹായത്തിന്റെ ആദ്യ ഗഡു മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് ഇന്നലെയാണ്. പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 700 കോടി ഇന്ത്യന്‍ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയം കാരണം ഇപ്പോള്‍ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. എന്നാല്‍ പ്രമുഖ വിദേശകാര്യ വിദഗ്ധര്‍ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിച്ചിരുന്നു.
പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍ പറഞ്ഞു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു.