അബുദാബി: യുഎഇ യിലേയ്ക്ക് പോകുന്നവര്‍ തങ്ങളുടെ കൈവശം മരുന്ന് കരുതുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. രാജ്യത്ത് നിരോധിച്ച മരുന്നുകളാണ് നിങ്ങള്‍ കൊണ്ട് പോകുന്നതെങ്കില്‍ പണിപാളും. നാട്ടില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും യുഎഇ യിലെ ലഹരി മരുന്നുകളുടെ പട്ടികില്‍പെട്ടതായിരിക്കാം. ഇതേക്കുറിച്ചുള്ള വ്യക്തമായ അറിവില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് വലിയശിക്ഷകള്‍ ലഭിക്കാനുള്ള കാരണമാവും.
1983-ലും 1995- ലും സ്ഥാപിക്കപ്പെട്ട ഫാര്‍മസിയുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമം നാലിലും പതിന്നാലിലുമാണ് യഥാക്രമം യു.എ.ഇ.യില്‍ ഉപയോഗിക്കാവുന്ന മരുന്നുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍നിന്ന് യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്ന വേദനാസംഹാരികളുടെയും നാര്‍ക്കോട്ടിക്, സൈക്കോട്രോപിക്, ജനറല്‍ മരുന്നുകളെക്കുറിച്ച് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലഹരിമരുന്ന് നിയന്ത്രണ വകുപ്പിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍മാത്രമേ ഇത്തരത്തില്‍ കൊണ്ടുവരാന്‍ യു.എ.ഇ.യിലേക്ക് വരുന്നവര്‍ക്ക് അനുവാദമുള്ളൂ. യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്ന മരുന്നുകള്‍ വകുപ്പിന്റെ കൃത്യമായ പരിശോധനകള്‍ക്കുശേഷമേ കടത്തിവിടുകയുള്ളൂ.
നാട്ടിലെ വിമാനത്താവളത്തില്‍നിന്ന് നിയമപ്രകാരം കൊണ്ടുവരാവുന്ന മരുന്നുകള്‍വരെ യു.എ.ഇ.യില്‍ നിരോധിച്ച പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം. വേദനാസംഹാരികളായ ലഹരിമരുന്നുകള്‍ നിയമപ്രകാരം ഉപയോഗിക്കുന്ന അസുഖമുള്ളവര്‍ യു.എ.ഇ.യില്‍ ട്രാന്‍സിറ്റ് വിസയില്‍ ഇറങ്ങുന്നതിനുമുന്‍പ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതി തേടണം.
രോഗാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍, ഫാര്‍മസിയുടെ അംഗീകാരമുള്ള അറ്റസ്റ്റ്ചെയ്ത മരുന്നുചീട്ട് എന്നിവയുടെ ഇംഗ്ലീഷിലോ അറബിക്കിലോ ഉള്ള പകര്‍പ്പ് കൈവശമുണ്ടായിരിക്കണം. മരുന്ന് സ്വകാര്യ ആവശ്യത്തിനുള്ളതാണെന്ന് സ്വന്തം രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ. 30 ദിവസത്തില്‍ കൂടുതല്‍ ഉപയോഗത്തിനുള്ള മരുന്നുകള്‍ കൈവശം കരുതരുത്.
പ്രധാനപ്പെട്ട രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് അംഗീകാരം വാങ്ങണം. കൃത്യമായ രേഖകളോടെമാത്രം മൂന്ന് മാസത്തേക്കുള്ള സ്ഥിരം ഉപയോഗിക്കുന്ന മരുന്ന് കരുതാം. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന നിരോധിച്ച മരുന്നുകള്‍ യാത്രകളില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിരോധിത മരുന്നുകളുടെ പട്ടിക വെസൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിക്കാന്‍ യാത്രക്കാര്‍ തയ്യാറാവണം.