അബുദാബി: യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയില്‍ എമിറാത്തി ജീവനക്കാരുടെ എണ്ണം 65 ശതമാനം എത്തിയതായി സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി. ഇന്നലെ നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2025ല്‍ മാത്രം 5,370 സ്വദേശി നിയമനങ്ങളാണ് നടന്നത്. മാത്രമല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജോലി രാജിവച്ച് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സാധിച്ചതായും എഫ്എന്‍സി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ എല്ലാ തസ്തികകളിലും പൂര്‍ണമായ സ്വദേശിവല്‍ക്കരണം പ്രായോഗികമല്ല. സ്വദേശി – വിദേശി ജനസംഖ്യ തമ്മിലുള്ള അനുപാതവും നിലവില്‍ ലഭ്യമായ തൊഴിലവസരങ്ങളും പരിഗണിക്കുമ്പോള്‍ എല്ലാ ജോലികള്‍ക്കും പൂര്‍ണമായി സ്വദേശികളെ മാത്രം നിയമിക്കുന്നത് സാദ്ധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനൊപ്പം നിലവിലുള്ള ജീവനക്കാരെ ജോലിയില്‍ നിലനിര്‍ത്തുന്നതും പ്രധാനമാണ്.സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തവും മത്സരശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ നാഫിസ് പദ്ധതി ഇതിന് പിന്തുണ നല്‍കുന്നതാണെന്നും അല്‍ ഹുസൈനി പറഞ്ഞു.
മികച്ച തൊഴില്‍ നയങ്ങള്‍ കാരണമാണ് വിടുതല്‍ നിരക്ക് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ലെ അന്തിമ സാമ്പത്തിക കണക്കുകള്‍ എഫ്എന്‍സി അവലോകനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.


