
തിരുവനന്തപുരം: ഇത്തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിലയിരുത്തല്‍. 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. ചൊവ്വാഴ്ച്ച കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് ഏകോപന സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്.
പ്രചരണ രംഗത്ത് എല്‍.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തിയതായി ഏകോപന സമിതി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചരണ രംഗത്ത് വലിയ ചലനമുണ്ടാക്കി. എല്‍.ഡി.എഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ച കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനം ഉണ്ടാകും. സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലതില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും പുതുതായി പതിനഞ്ചോളം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും. ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി കേരളം സന്ദര്‍ശിക്കുന്നതു കൊണ്ടോ കോടികള്‍ ഒഴുക്കിയുള്ള പ്രചരണം കൊണ്ടോ ഒരു ഗുണവും എന്‍.ഡി.എയ്ക്ക് ഉണ്ടാകില്ലെന്നും യോഗം വിലയിരുത്തി.
ഓരോ മണ്ഡലത്തിലേയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുന്നണി സംവിധാനത്തോടൊപ്പം ഒരു പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായവും സമിതി ഉപയോഗപ്പെടുത്തി. ഈ ഏജന്‍സി രണ്ടു ഘട്ടങ്ങളായി നിരീക്ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഏകോപന സമിതി യോഗം വിലിയിരുത്തി. അവസാന റൗണ്ടില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും തീരുമാനിച്ചു. നിലവില്‍ അഞ്ച് ദിവസത്തിലൊരിക്കല്‍ കൂടിയിരുന്ന സമിതി യോഗം തെരഞ്ഞെടുപ്പ് പ്രചരണം അവസാനികുന്നത് വരെ എല്ലാ ദിവസവും രാവിലെയും രാത്രിയും ചേരാനും തീരുമാനിച്ചു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ‘സഞ്ചരിക്കുന്ന’ വാനുകള്‍ പ്രചരണ രംഗത്ത് വളരെ ഫലപ്രദമായെന്ന് യോഗം വിലയിരുത്തി. നിലവില്‍ ഓരോ നിയോജക മണ്ഡലത്തിലെയും 10 പോയിന്റുകളില്‍ വീതമാണ് വാഹനം പ്രദര്‍ശനം നടത്തിവരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്ന ഹ്രസ്വചിത്രങ്ങളും ഈ വാനുകളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചു വരുന്നു. ദൃശ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യം, റേഡിയോ പരസ്യം, തിയറ്റര്‍ പരസ്യം എന്നിവ ഫലപ്രദമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. സോഷ്യല്‍ മീഡിയയിലെ പ്രചരണം ശക്തിപ്പെടുത്താനുള്ളതാണ് മറ്റൊരു തീരുമാനം.
ഓരോ മണ്ഡലത്തിലേയും ബൂത്ത് ഏജന്റ്മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന നടപടിയും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്. അവസാന ഘട്ട പ്രചരണം പഴുത് അടച്ചുള്ളതാക്കാന്‍ പ്രത്യേക കര്‍മ്മ പരിപാടിക്കും ഏകോപന സമിതി യോഗം രൂപം നല്‍കി.