ഘടക കക്ഷികളെ വെട്ടി ജമാഅത്തെ ഇസ്ലാമിക്ക് മുഖ്യപരിഗണന ; യുഡിഎഫില്‍ പൊട്ടിത്തെറി

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഘടക കക്ഷികളേക്കാളും പരിഗണന ജമാഅത്ത് ഇസ്ലാമിക്ക് നല്‍കുന്നതില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെക്കാള്‍ പരിഗണന മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍പാര്‍ടിക്ക് നല്‍കിയെന്നണ് ആരോണപണം. ഒൗദ്യോഗിക ഘടകകക്ഷിയല്ലാതിരുന്നിട്ടും ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ ജമാഅത്തെ ഇസ്ലാമിക്ക് നല്‍കി. എന്നാല്‍, കോട്ടയത്തിനും ഇടുക്കിക്കും പുറത്ത് ജോസഫ് വിഭാഗം ചോദിച്ചതിന്റെ പകുതി പോലും നല്‍കിയില്ല. മലപ്പുറത്ത് ലീഗിന്റെ പല സിറ്റിങ് സീറ്റുകളും വെല്‍ഫെയര്‍പാര്‍ട്ടിക്ക് നല്‍കിയതും ലീഗ് അണികളില്‍ പ്രതിഷേധത്തിനിടയാക്കി.

അവഗണനയില്‍ പ്രതിഷേധിച്ച് അന്പതിലേറെ സീറ്റില്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസിനെതിരെ മത്സരത്തിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ച് ഡിവിഷനില്‍ കോണ്‍ഗ്രസിനെതിരെ ജോസഫ് വിഭാഗം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നു. വിമതര്‍ പുറമെയുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും ജോസഫ് വിഭാഗത്തിലെ ചില സ്ഥാനാര്‍ഥികള്‍ മുന്നണിക്ക് പുറത്താണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ അവഗണനയില്‍ മറ്റ് ഘടകകക്ഷികള്‍ക്കും അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ ലീഗിനെക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കി വെല്‍ഫെയര്‍ പാര്‍ടിക്ക് രണ്ടാം ഘടകകക്ഷിയുടെ സ്ഥാനം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കുറി യുഡിഎഫ് 300 പഞ്ചായത്തുകളിലാണ് ജമാഅത്തെയുമായി നേരിട്ട് സഖ്യമുണ്ടാക്കിയത്. സ്വതന്ത്രവേഷത്തിലും പൊതുസ്വതന്ത്രനെന്ന പേരിലും രംഗത്തിറക്കിയിട്ടുള്ളവരെക്കൂടി ചേര്‍ത്താല്‍ അഞ്ഞൂറിലേറെപ്പേരുണ്ട് മത്സരരംഗത്ത്.

ജമാഅത്തെ സംസ്ഥാന അമീറുമായി യുഡിഎഫ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ധാരണ സഖ്യമായി വികസിച്ചത്. എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറായിരിക്കെ 2020 ഒക്ടോബറില്‍ കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസുമായി നടത്തിയ ചര്‍ച്ചയാണ് തുടക്കം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവര്‍ ജമാഅത്തെ ബന്ധത്തെ എതിര്‍ത്തിരുന്നു.

മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ പി എ മജീദ് എംഎല്‍എയുടെ വീടിരിക്കുന്ന വാര്‍ഡ് പോലും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ഥിക്ക് നല്‍കിയത് ഇവര്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന് മറ്റൊരു തെളിവാണ്. കുറുവ പഞ്ചായത്തിലെ പടപ്പറമ്പിലാണ് മജീദിന്റെ വീട്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ സമീറ തോട്ടോളിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വെട്ടത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥി കെ പി യൂസഫിന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തത് നജീബ് കാന്തപുരം എംഎല്‍എയായിരുന്നുവെന്നതും ശ്രദ്ധേയം.

മുഖ്യധാരയില്‍ ചര്‍ച്ചയാക്കാതെ ഇടതുപക്ഷവുമായി കൈകൊടുത്ത പഴയ തിരഞ്ഞെടുപ്പ് ശൈലിയല്ല പുതിയ കാലത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെത്. യുഡിഎഫ് ബന്ധം പരസ്യമായി പ്രഖ്യാപിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ് ജമാഅത്തെ ഇസ്ലാമി. വിമര്‍ശനങ്ങള്‍ തല്‍ക്കാലം അവഗണിക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വെല്‍ഫെയര്‍പാര്‍ട്ടി-യുഡിഎഫ് ബന്ധത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.

 

 

Top